എംസിസി ആറാവ് കന്യാമറിയത്തിന്റെ തിരുനാളും മദേഴ്സ് ഡേയും ആഘോഷിച്ചു
Thursday, May 28, 2015 8:19 AM IST
സൂറിച്ച്: ആറാവിലെ മലയാളി കാത്തലിക് കമ്യൂണിറ്റി എല്ലാ മേയ് മാസവും നടത്തിവരുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ആറാവിലെ ബുക്സ് സെന്റ് യോഹാന്നസ് കാത്തലിക് പള്ളിയില്‍ ആഘോഷിച്ചു.

ഫാ. ജന്നീസ് വെച്ചുപെട്ടിക്കല്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. പ്രഫ. ഡോ. ബേബി മഠത്തിക്കുന്നത്ത് തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്നു മാതാവിന്റെ തിരുസ്വരൂപവും വഹിച്ചു പ്രദക്ഷിണം നടന്നു. ലദീഞ്ഞിനെതുടര്‍ന്നു പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹ അപ്പനേര്‍ച്ചയും വിതരണം ചെയ്തു.

പെരുന്നാളില്‍ സംബന്ധിച്ച എല്ലാ വിശ്വാസികള്‍ക്കും വികാരി ഫാ. ബിനോയി കൂറ്റനാല്‍ ആശംസകള്‍ നേര്‍ന്നു. പെരുന്നാളില്‍ സംബന്ധിച്ച എല്ലാ അമ്മമാര്‍ക്കും മദേഴ്സ് ഡേയുടെ റോസാപുഷ്പങ്ങള്‍ വൈദികര്‍ സമ്മാനിച്ചു.

തുടര്‍ന്നു എംസിസിയുടെ പൊതുസമ്മേളനവും കലാപരിപാടികളും അരങ്ങേറി. ഗതകാല സ്മരണകള്‍ ഉണര്‍ത്തിയ സീനിയര്‍ അംഗങ്ങളുടെ ഡാന്‍സ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഷെവലിയാര്‍ കക്കാട്ട് വര്‍ഗീസ് തോമസിനെ യോഗത്തില്‍ ആദരിച്ചു. തിരുനാള്‍ സദ്യയോടെ ഈ വര്‍ഷത്തെ തിരുനാള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: കവിത