വിദേശികളുടെ അന്യായ ഹുറൂബിനെതിരേ മനുഷ്യാവകാശ സമിതി
Thursday, May 28, 2015 8:17 AM IST
ദമാം: തൊഴിലാളികള്‍ക്കെതിരേയുള്ള വ്യാജ ഹുറൂബും മറ്റു അസത്യമായ പരാതികളും നല്‍കുന്ന സ്പോണ്‍സര്‍മാര്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് സൌദി മനുഷ്യാവകാശ സമിതി മുന്നറിയിപ്പു നല്‍കി.

തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നല്‍കാതിരിക്കുന്നതിനായി പല സ്പോണ്‍സര്‍മാരും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതായി തങ്ങള്‍ക്കു ബോധ്യമായിട്ടുണ്െടന്നു മനുഷ്യാവകാശ സമിത ചൂണ്ടിക്കാട്ടി.

തൊഴിലാളികളുമായി അഭിപ്രായ ഭിന്നതയുണ്ടായാല്‍ ഉടനെ അവര്‍ ഒളിച്ചോടിയതായി ജവാസാത്തിലും തൊഴില്‍ കാര്യാലയത്തിലും അറിയിക്കുന്നു. തുടര്‍ന്നു ഇവര്‍ പിടിക്കപ്പെടുന്നതോടെ നാടുകടത്തപ്പെടുന്നു. പലര്‍ക്കും അര്‍ഹതപ്പെട്ട വേതനവും ആനുകൂല്യങ്ങളും ലഭിക്കാതെയാണു നാടുകടത്തപ്പെടുന്നത്.

ജിദ്ദയിലും റിയാദിലുമാണു തൊഴിലാളികള്‍ക്കെതിരെയുള്ള വ്യാജ ഹുറൂബുകളും വ്യാജ പരാതികളും കൂടുതലുള്ളതെന്നു സൌദി മനുഷ്യാവകാശ സമിതി സെക്രട്ടറി ജനറല്‍ ഖാലിദ് അല്‍ ഫാഖിരി അറിയിച്ചു.

തൊഴിലാളികള്‍ക്കെതിരെ വ്യാജ ഹുറൂബും അസത്യ വിവരങ്ങളുമായി നിരവധി പരാതികളാണ് തങ്ങള്‍ക്കു ലഭിച്ചിട്ടുള്ളതെന്നു അദ്ദേഹം പറഞ്ഞു. പല പരാതികളിന്മേലും സ്പോണ്‍സര്‍മാരെ വിളിപ്പിച്ചു സ്പോണ്‍സര്‍ഷിപ്പ് മാറ്റി നല്‍കുകയോ, സ്വന്തം നാടുകളിലേക്കു കയറ്റി അയയ്ക്കുകയോ ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.

പരാതികളുടെ നിജസ്ഥിതി മനസിലാക്കി തെറ്റാണെന്നു ബോധ്യപ്പെട്ടാല്‍ സ്പോണ്‍സര്‍മാര്‍ക്കെതിരേ നടപടി സ്വീകരിക്കും. തൊഴിലാളികള്‍ ഒളിച്ചോടിയതായി വ്യാജ പരാതി നല്‍കുന്ന സ്പോണ്‍സര്‍മാരുടെമേല്‍ നടപടി സ്വീകരിക്കുന്നതിനു ജവസാത്തിനോടും തൊഴില്‍ വകുപ്പിനോടും ആവശ്യപ്പെട്ടതായും അല്‍ ഫാഖിരി അറിയിച്ചു.

ഗാര്‍ഹിക തൊഴിലാളികള്‍ ഒളിച്ചോടിയതായുള്ള വ്യജ പരാതികളാണു കൂടുതലും ലഭിക്കാറുള്ളത്. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു ശക്തമായ നിയമ നിര്‍മാണം സൌദി മന്ത്രിസഭ പാസാക്കിയിരുന്നതായി അദ്ദേഹം അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം