പിയു പരീക്ഷാഫലം: പ്രതിഷേധം ശക്തം
Thursday, May 28, 2015 8:12 AM IST
ബംഗളൂരു: സംസ്ഥാനത്തെ പ്രീ യൂണിവേഴ്സിറ്റി ഫലപ്രഖ്യാപനത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധസമരം ശക്തമായി. മല്ലേശ്വരത്തെ പിയു ബോര്‍ഡ് ഓഫീസിനു മുന്നില്‍ നടത്തുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് വിവിധ രാഷ്ട്രീയ സംഘടനകളും വിദ്യാര്‍ഥിസംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് പിയു ബോര്‍ഡ് ഓഫീസില്‍ കനത്ത പോലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്ഥലത്തെത്തിയ വിദ്യാഭ്യാസമന്ത്രി കിമ്മണ്ണെ രത്നാകര്‍ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ഥികളുമായും രക്ഷിതാക്കളുമായും സംസാരിച്ചു. വിഷയത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരം കാണാമെന്ന് അദ്ദേഹം ഉറപ്പുനല്കി. വിദ്യാര്‍ഥികളുടെ വികാരം കണക്കിലെടുത്ത് സര്‍ക്കാര്‍ നടത്തിയ പൊതു പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതു നീട്ടിവച്ചതായി മന്ത്രി അറിയിച്ചു. ജീവനക്കാര്‍ കുറ്റക്കാരാണെന്നു കണ്െടത്തിയാല്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സമരത്തിനു പിന്തുണ നല്കുന്നതായി പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയും ജെഡി-എസും പ്രഖ്യാപിച്ചു. ബിജെപി നേതാവ് സുരേഷ് കുമാര്‍, ജെഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി എന്നിവരും വിദ്യാര്‍ഥികളുമായി സംസാരിച്ചു.

പ്രതിഷേധത്തില്‍ പങ്കെടുത്ത ഏതാനും വിദ്യാര്‍ഥിനികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതിനിടെ പ്രതിഷേധത്തിനെത്തിയ വിദ്യാര്‍ഥിയുടെ മാതാവ് കൈത്തണ്ട മുറിച്ചത് ബോര്‍ഡ് ഓഫീസ് വളപ്പില്‍ നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു. ഭൂമിക എന്ന വിദ്യാര്‍ഥിനിയുടെ മാതാവായ ഷീല ലോകേഷ് ആണ് കൈത്തണ്ട മുറിച്ചത്. ഇവരെ ബലംപ്രയോഗിച്ചു മാറ്റിയ പോലീസ് പ്രഥമശുശ്രൂഷ നല്കി. എണ്‍പതു ശതമാനത്തിലേറെ മാര്‍ക്ക് ലഭിച്ചിരുന്ന ഭൂമികയ്ക്ക് ഇത്തവണ 66 ശതമാനം മാത്രമേ മാര്‍ക്ക് ഉള്ളൂവെന്നും മകള്‍ക്ക് നീതി നടപ്പാക്കണമെന്നും ഷീല ആവശ്യപ്പെട്ടു. മേയ് 18 നു ഫലം പ്രഖ്യാപിച്ചതു മുതല്‍ യുദ്ധസമാനമായ പ്രതിഷേധത്തിനാണ്പിയു ബോര്‍ഡ് ഓഫീസ് സാക്ഷ്യംവഹിച്ചത്.പ്രശ്നങ്ങള്‍ പരിഹരിച്ച്രംഗംശാന്തമാക്കുന്നതില്‍ഉദ്യോഗസ്ഥര്‍പരാജയപ്പെട്ടു.

പരീക്ഷാ മൂല്യനിര്‍ണയത്തില്‍ പിഴവുണ്ടായെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. മികച്ച നിലവാരം പുലര്‍ത്തിയിരുന്ന വിദ്യാര്‍ഥികളില്‍ പലരും പരാജയപ്പെട്ടെന്നും പലര്‍ക്കും അര്‍ഹിച്ച മാര്‍ക്ക് പോലും ലഭിച്ചില്ലെന്നും അവര്‍ ആരോപിക്കുന്നു. മാത്രമല്ല, പരീക്ഷയെഴുതാത്ത വിദ്യാര്‍ഥികള്‍ക്ക് ഫസ്റ്ക്ളാസ് ലഭിച്ചതായും ഇത് ഗുരുതരമായ ക്രമക്കേടാണെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. പൊതുപ്രവേശന പരീക്ഷ എഴുതി നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഫലപ്രഖ്യാപനം ഏറെ തിരിച്ചടിയായത്. പ്രവേശന പരീക്ഷയില്‍ റാങ്ക് ലഭിച്ചാലും പിയു പരീക്ഷയുടെ മാര്‍ക്ക് കൂടി പരിഗണിച്ചാണ് പ്രഫഷണല്‍ കോളജുകളിലേക്ക് പ്രവേശനം നല്കുന്നത്.

അതേസമയം, പുനര്‍മൂല്യനിര്‍ണയത്തിന് കനത്ത ഫീസാണ് ഈടാക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഒരു വിഷയത്തിന് 1,800 രൂപയാണ് പുനര്‍മൂല്യനിര്‍ണയത്തിന് ഈടാക്കുന്നത്. കൂടാതെ ഒരു വിഷയത്തിന്റെ ഉത്തരക്കടലാസിന്റെ പകര്‍പ്പ് ലഭിക്കണമെങ്കില്‍ 500 രൂപ നല്കേണ്ടിവരുന്നു. ഉദ്യോഗസ്ഥര്‍ക്കു സംഭവിച്ച പിഴവുകള്‍ക്ക് വിദ്യാര്‍ഥികള്‍ എന്തിനാണ് പണമടയ്ക്കുന്നതെന്നാണ് രക്ഷിതാക്കളുടെ ചോദ്യം. 150-ഓളം വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്. ഇതിനാല്‍ ഇവരുടെ യുജി കോഴ്സുകളിലേക്കുള്ള പ്രവേശനം പ്രതിസന്ധിയിലായിരിക്കുകയാണ്.

ഫലപ്രഖ്യാപനത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് ഉത്തരക്കടലാസ് പുനഃപരിശോധനയ്ക്ക് 2,825 അപേക്ഷകള്‍ ലഭിച്ചതായി മന്ത്രി കിമ്മണ്ണെ രത്നാകര്‍ അറിയിച്ചു. ഉത്തരക്കടലാസിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് 20,623 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. നാളെ വരെ പുനര്‍നിര്‍ണയത്തിനും പകര്‍പ്പിനുമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം.