ബര്‍ലിനില്‍ ജൂണ്‍ ഒന്നിനു വാടകനിയന്ത്രണ നിയമം പ്രാബല്യത്തില്‍ വരും
Wednesday, May 27, 2015 8:24 AM IST
ബര്‍ലിന്‍: ജര്‍മന്‍ ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വാടകനിയന്ത്രണ നിയമം നടപ്പാക്കുന്ന ആദ്യ സ്റേറ്റാകും ബര്‍ലിന്‍. നഗരത്തില്‍ ജൂണ്‍ ഒന്നിനു നിയമം പ്രാബല്യത്തില്‍ വരുത്തും.

മറ്റു സ്റേറ്റുകളും നിയമത്തില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇത് എന്നു നടപ്പാക്കാന്‍ കഴിയുമെന്നു പ്രഖ്യാപിച്ചിട്ടില്ല. വാടക നിരക്ക് വര്‍ധനയ്ക്കു വാര്‍ഷിക നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സ്റേറ്റ് സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നതാണു നിയമം.

ഇതിലെ വ്യവസ്ഥ അനുസരിച്ച്, പ്രാദേശിക വാടകയേക്കാള്‍ പത്തു ശതമാനം കൂടുതല്‍ വര്‍ധന വരുത്താന്‍ വീട്ടുടമകള്‍ക്കു കഴിയില്ല. ഫെഡറല്‍ നിയമം പാസാകുന്നതിനു മുന്‍പു തന്നെ ബര്‍ലിന്‍ സ്വന്തം നിലയ്ക്കു സമാനമായൊരു നിയമം തയാറാക്കിയിരുന്നു. അതിനാലാണു നിയമം പാസായി ഇത്രവേഗം അതു നടപ്പാക്കാന്‍ അവര്‍ക്കു സാധിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍