ജി 7 ഉച്ചകോടി: ജര്‍മനിയില്‍ അതിര്‍ത്തി നിയന്ത്രണം കര്‍ക്കശമാക്കി
Wednesday, May 27, 2015 8:23 AM IST
ബര്‍ലിന്‍: ജി 7 ഉച്ചകോടി നടക്കാന്‍ രണ്ടാഴ്ച ശേഷിക്കെ ജര്‍മനിയില്‍ അതിര്‍ത്തി നിയന്ത്രണവും നിരീക്ഷണവും കൂടുതല്‍ കര്‍ക്കശമാക്കി. ഫ്രീലാസിംഗിനും ലിന്‍ഡോയ്ക്കുമിടയിലായിരിക്കും ഏറ്റവും കടുത്ത ജാഗ്രതയെന്ന് മ്യൂണിച്ച് പോലീസ് മേധാവി ഹ്യുബര്‍ട്ട് സ്റ്റീഗര്‍.

ഷെങ്കന്‍ മേഖലയില്‍ വരുന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ അതിര്‍ത്തി കടക്കുമ്പോള്‍ കാര്യമായ പരിശോധനകള്‍ പതിവുള്ളതല്ല. എന്നാല്‍, പ്രത്യേക സാഹചര്യങ്ങളില്‍ പരിശോധന നടത്താന്‍ ഷെങ്കന്‍ ഉടമ്പടിയില്‍ത്തന്നെ വ്യവസ്ഥയുമുണ്ട്. ഇതുപയോഗിച്ചുള്ള പരിശോധനകളും നിയന്ത്രണങ്ങളുമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മാര്‍ച്ചില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്നതു പോലെയുള്ള മുതലാളിത്തവിരുദ്ധ പ്രക്ഷോഭങ്ങള്‍ ഇക്കുറി ഒഴിവാക്കുകയാണു പോലീസിന്റെ ലക്ഷ്യം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍