ജര്‍മന്‍ പ്രതിരോധമന്ത്രി ഡോ. ഉര്‍സുല ഫൊണ്‍ ഡെര്‍ ലെയന്‍ ഇന്ത്യയിലെത്തി
Wednesday, May 27, 2015 8:23 AM IST
ന്യൂഡല്‍ഹി: ജര്‍മന്‍ പ്രതിരോധമന്ത്രി ഡോ. ഉര്‍സുല ഫൊണ്‍ ഡെര്‍ ലെയന്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ലെയനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു.

തുടര്‍ന്നു ഇന്ത്യ ഗേറ്റിലെത്തിയ മന്ത്രി രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി, ഏഷ്യയിലെ ആനുകാലിക സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുമായും പങ്കുവച്ചു. ഡല്‍ഹിയിലെ മിലിറ്ററി ആര്‍ ആന്‍ഡ് ആര്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു.

ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ മിഷായേല്‍ സ്റൈനറിന്റെ വസതിയില്‍ എത്തിയ മന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയുമായും കൂടിക്കണ്ടു.

തുടര്‍ന്നു മന്ത്രി മുംബൈയിലെ വെസ്റേണ്‍ നേവല്‍ കമാന്‍ഡിലെത്തി കമാന്‍ഡിംഗ് ചീഫ്, വൈസ് അഡ്മിറല്‍ എസ്.പി. സിംഗ് എന്നിവരുമായുള്ള ചര്‍ച്ചയ്ക്കുശേഷം ഐഎന്‍എസ് മുംബൈ കപ്പലും സന്ദര്‍ശിക്കും.

മേയ് 28നു മന്ത്രി ഷാഗ്രിലാ ഏഷ്യാ സെക്യൂരിറ്റി മീറ്റില്‍ പങ്കെടുക്കാനായി സിംഗപ്പൂരിലേക്കു യാത്രയാവും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍