ഒഐസിസി ഫുട്ബോള്‍ ടൂര്‍ണമെന്റ്: യൂത്ത് ഇന്ത്യയും യുണൈറ്റഡ് എഫ്സി യും ഫൈനലില്‍
Wednesday, May 27, 2015 8:14 AM IST
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി റോയല്‍ ട്രാവല്‍സ് കപ്പിനു വേണ്ടി സംഘടിപ്പിക്കുന്ന രണ്ടാമത് കെ. കരുണാകരന്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ മേയ് 29നു (വെള്ളി) ജറീര്‍ മെഡിക്കല്‍ യൂത്ത് ഇന്ത്യയും ലിയ സ്പോര്‍ട്സ് യുണൈറ്റഡ് എഫ്സി യും തമ്മില്‍ ഏറ്റുമുട്ടും.

സെമിഫൈനല്‍ മത്സരങ്ങളില്‍ യുത്ത് ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ചാലിയാര്‍ റിയല്‍ കേരളയേയും ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് എബിസി കാര്‍ഗോ റിെയന്‍ബോ ടീമിനെ യുണൈറ്റഡ് എഫ്സിയും പരാജയപ്പെടുത്തിയാണ് ഫൈനലിന് അര്‍ഹത നേടിയത്.

പരാജയമെന്തെന്നറിയാതെ ടൂര്‍ണമെന്റിലെ എല്ലാ കളികളിലും മുന്നേറിയ യൂത്ത് ഇന്ത്യ സെമിഫൈനലിലും കാണികളുടെ പ്രതീക്ഷക്കൊത്ത് ജയിച്ചു കയറി. കളിയില്‍ കളം നിറഞ്ഞു കളിച്ച യൂത്ത് ഇന്ത്യയുടെ റഷീദ് ബേപ്പൂര്‍ ജിമാര്‍ട്ട് മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടി. രണ്ടാമത്തെ വാശിയേറിയ കളിയില്‍ ആദ്യ പകുതിയില്‍ തന്നെ എബിസി കാര്‍ഗോ റെയിന്‍ബോ ടീമിനെ ഞെട്ടിച്ചു കൊണ്ട് നേടിയ രണ്ട് ഗോളിന്റെ പിന്‍ബലത്തില്‍ ലിയ സ്പോര്‍ട്സ് യുണൈറ്റഡ് എഫ്സി ഫൈനലിലെത്തി. ഗോളുകള്‍ മടക്കാന്‍ റെയിന്‍ബോ താരങ്ങള്‍ എല്ലാ അടവും പ്രയോഗിച്ചെങ്കിലും ഭാഗ്യം മാത്രം അവരെ തുണച്ചില്ല. അനുകൂലമായി ലഭിച്ച പെനാല്‍ട്ടി കിക്ക് പോലും പാഴായിപ്പോയ റെയിന്‍ബോ ടീമിനു വേണ്ടി തൌഫീഖ് ഒരു ഗോള്‍ നേടി. യുണൈറ്റഡിന്റെ മുഹമ്മദ് കുട്ടിയാണ് മാന്‍ ഓഫ് ദി മാച്ച്.

നൌഫല്‍ പാലക്കാടന്‍, പയസ് ജോണ്‍, അജ്മല്‍, മൊയ്തീന്‍ കോയ, സുഗതന്‍ ആലപ്പുഴ, അലി ഹാജി ചേലേമ്പ്ര, വര്‍ഗീസ് എറണാകുളം, ഷംസുദ്ദീന്‍ ഏഴംകുളം, എല്‍.കെ. അജിത്, ഫിറോസ്, വഹീദ് വാഴക്കാട്, ബഷീര്‍ ചേലേമ്പ്ര, ഹാഷിം കണ്ണൂര്‍ തുടങ്ങിയവര്‍ ഇരു സെമിഫൈനലുകളിലും കളിക്കാരുമായി പരിചയപ്പെട്ടു.

നാളെ നടക്കുന്ന ഫൈനല്‍ കൃത്യം ആറിന് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍