കൊളോണില്‍ രണ്ടാം ലോകയുദ്ധ കാലത്തെ ബോംബ് കണ്ടെത്തി; ഇരുപതിനായിരം പേരെ ഒഴിപ്പിച്ചു
Wednesday, May 27, 2015 8:11 AM IST
കൊളോണ്‍: ജര്‍മനിയിലെ കൊളോണില്‍ രണ്ടാം ലോക യുദ്ധ കാലത്തുനിന്നുള്ള കൂറ്റന്‍ ബോംബു കണ്ടെത്തി. 20,000 കിലോഗ്രാം ആയിരുന്നു ഇതിന്റെ തൂക്കം. ബോംബു നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായി സ്കൂളുകളും മൃഗശാലയും മറ്റും ഒഴിപ്പിച്ചു. ബോംബ് കിട്ടിയ പ്രദേശത്തിന് ആയിരം മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളാണ് ഒഴിപ്പിച്ചിരിക്കുന്നത്. ഇരുപതിനായിരത്തോളം പേരെ മാറ്റി താമസിപ്പിച്ചു. വന്‍ സുരക്ഷാ സന്നാഹത്തോടുകൂടിയാണു ബോംബ് നിര്‍വീര്യമാക്കിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണു ബോംബ് കണ്ടെത്തിയത്. കൊളോണിലെ റൈന്‍ നദിക്കടുത്ത് അഞ്ച് മീറ്റര്‍ ആഴത്തിലാണ് ഇതു കണ്െടെത്തിയത്. പരിശോധനയില്‍ അമേരിക്കയില്‍ ഡിസൈന്‍ ചെയ്തതാണെന്നും വ്യക്തമായി.

1945 നു ശേഷം 2011 ല്‍ കോബ്ളെന്‍സില്‍ ആണ് ഏറ്റവും വലിയ ബോംബ് കണ്ടെത്തിയതും പിന്നീടത് നിര്‍വീര്യമാക്കിയതും.

ഏതാണ്ട് ഇരുപതിനായിരത്തോളം ബോംബുകള്‍ ജര്‍മനിയുടെ മണ്ണില്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നാണു വിദഗ്ധരുടെ കണ്ടെത്തല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍