ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിനു സ്വന്തം കെട്ടിടം നിര്‍മിക്കുന്നു
Wednesday, May 27, 2015 8:10 AM IST
കുവൈറ്റ്: ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിനു സ്വന്തം കെട്ടിടം പണിയുന്നതിനു കുവൈറ്റ് സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് കെട്ടിടനിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടി ഉടനെ തുടങ്ങുമെന്ന് സ്കൂള്‍ ഭരണസമിതി അംഗങ്ങള്‍ അറിയിച്ചു.

കുവൈറ്റ് സര്‍ക്കാരും സ്കൂളിനുവേണ്ടി സ്പോണ്‍സറും തമ്മിലുള്ള കരാര്‍ കഴിഞ്ഞ മാസം ഒപ്പുവച്ചു. നിയമോപദേശങ്ങള്‍ തേടിയശേഷം താമസിയാതെ ടെന്‍ഡര്‍ നടപടികളിലേക്കു കടക്കും. മഹ്ബൂലയില്‍ പതിനായിരം ചതുരശ്രമീറ്റര്‍ സ്ഥലമാണ് അനുവദിച്ചത്. അതില്‍ 8000 ചതുരശ്രമീറ്റര്‍ കെട്ടിടം പണിയായും 2000 ചതുരശ്രമീറ്റര്‍ പാര്‍ക്കിംഗിനുമാണ്. പദ്ധതി നടപ്പാക്കുന്നതിനു പ്രതീക്ഷിക്കുന്ന മതിപ്പുചെലവ് 40 ലക്ഷം ദിനാറാണെന്നും അവര്‍ അറിയിച്ചു.

ഇന്ത്യയിലെ മെഡിക്കല്‍/എന്‍ജിനിയറിംഗ് പരീക്ഷകള്‍ എഴുതുന്നതിനു കുവൈറ്റ് സെന്റര്‍ അനുവദിച്ചു കിട്ടുന്നതിനു ശ്രമം നടത്തുന്നുണ്ട്. പ്ളസ്ടു കഴിഞ്ഞുള്ള തുടര്‍പഠനത്തിനും ഓപ്പണ്‍ സ്കൂള്‍വഴി കുവൈറ്റില്‍ തന്നെ ബിരുദപരീക്ഷ എഴുതുന്നതിനും സൌകര്യം ലഭ്യമാക്കാനും ശ്രമം നടത്തുന്നുണ്െടന്നും അവര്‍ പറഞ്ഞു.

ഈ വര്‍ഷം സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസില്‍ 266 കുട്ടികളാണ് പരീക്ഷയെഴുതിയത്. കുവൈറ്റില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയത് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളാണ്. കോമേഴ്സ് വിഭാഗത്തില്‍ കുവൈറ്റില്‍ ഒന്നാം സ്ഥാനവും ഹ്യുമാനിറ്റീസില്‍ രണ്ടും മൂന്നും സ്ഥാനവും സയന്‍സില്‍ മൂന്നാം സ്ഥാനവും നേടാനായി. മൊത്തമുള്ള 14 വിഷയങ്ങളില്‍ പന്ത്രണ്ടിലും ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിലെ കുട്ടികളാണ് കുവൈറ്റില്‍ ഒന്നാം സ്ഥാനത്തെന്നും അവര്‍ പറഞ്ഞു.

പാഠ്യപാഠ്യേതര വിഷയങ്ങളില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മികവു പുലര്‍ത്തി. സ്കുളിലെ 40 അധ്യാപകര്‍ക്കു കഴിഞ്ഞ വര്‍ഷം കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയില്‍നിന്ന് അവാര്‍ഡ് ലഭിച്ചു. അത്ലറ്റിക്സില്‍ തുടര്‍ച്ചയായി 13-ാം തവണയും കിരീടം നേടി. അക്കഡേമിക് മികവിനു സിബിഎസ്ഇ ഗള്‍ഫ് കൌണ്‍സിലില്‍നിന്ന് അഞ്ചു അവാര്‍ഡുകള്‍ നേടിയ ഏക സ്കൂളും ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളാണെന്ന് അവര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സ്കൂള്‍ ഭരണസമിതി വൈസ് ചെയര്‍മാന്‍ ബോബി മാത്യു, സെക്രട്ടറി വിജയന്‍ കാരയില്‍, ട്രഷറര്‍ സന്തോഷ് മാത്യു, ഭരണസമിതിയിലെ മറ്റു അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ ഡോ. വി. ബിനുമോന്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍