ധ്രുവ് ഹെലികോപ്ടര്‍ ശബ്ദപരിശോധന വിജയകരം
Wednesday, May 27, 2015 6:44 AM IST
മൈസൂരു: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിവിധോദ്ദേശ്യ ലഘു ഹെലികോപ്ടറായ ധ്രുവിന്റെ ശബ്ദപരിശോധന മൈസൂരു വ്യോമതാവളത്തില്‍ വിജയകരമായി നടത്തി. ഹെലികോപ്ടറിനെ യൂറോപ്യന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായായിരുന്നു ശബ്ദപരിശോധന. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെയായിരുന്നു പരീക്ഷണം.

യൂറോപ്യന്‍ സ്പേസ് ഏജന്‍സി പ്രതിനിധികളും പരിശോധനയില്‍ പങ്കെടുത്തു. ശബ്ദ പരിശോധനയ്ക്കായി ഹൊസൂര്‍, കോലാര്‍, എന്നീ സ്ഥലങ്ങളാണ് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ അഭിപ്രായം പരിഗണിച്ചാണ് മൈസൂരു തെരഞ്ഞെടുത്തത്. പരിശോധന വിജയമായതോടെ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ അംഗീകാരത്തോട് ഒരു പ്രധാന പടികൂടി ധ്രുവ് അടുത്തു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡാണ് (എച്ച്എഎല്‍) ധ്രുവിന്റെ നിര്‍മാതാക്കള്‍.

ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ മുന്നോട്ടുവച്ച 70 ശതമാനം മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞതായി എച്ച്എഎല്‍ ചെയര്‍മാന്‍ ടി. സുവര്‍ണരാജു അറിയിച്ചു. യൂറോപ്യന്‍ ഏജന്‍സിയുടെ അംഗീകാരം ലഭിച്ചാല്‍ ധ്രുവിന് അന്താരാഷ്ട്ര വിപണിയില്‍ കടക്കാന്‍ കഴിയും. ഇന്ത്യന്‍ സൈന്യത്തിന്റെ അഭിമാനമായ ധ്രുവ് ഹെലികോപ്ടറുകള്‍ 2002 മുതല്‍ കര, നാവിക, വ്യോമസേനകള്‍ ഉപയോഗിക്കുന്നുണ്ട്.