ജോര്‍ജിയ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ നഴ്സസ് ദിനം ആഘോഷിച്ചു
Wednesday, May 27, 2015 6:30 AM IST
അറ്റ്ലാന്റ: ജോര്‍ജിയ ഇന്ത്യന്‍ നഴ്സ് അസോസിയേഷന്റെ (ഏകചഅ) ആഭിമുഖ്യത്തില്‍ നഴ്സസ് വാരഘോഷം സെന്റ് തോമസ് ഓര്‍ത്തോഡോക്സ് പള്ളി ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ഫാ. മാത്യു എളയടത്തുമഠം പ്രാര്‍ഥനയോടെ നിലവിളക്കു തെളിച്ച് പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ജാസ്മിന്‍ ആനിക്കാട്ട് അമേരിക്കന്‍ ദേശീയഗാനവും സിനി അനൂപ്, സീന കുടിലില്‍ എന്നിവര്‍ ചേര്‍ന്ന് ഇന്ത്യന്‍ ദേശിയഗാനവും ആലപിച്ചു. ജിനയുടെ പ്രസിഡന്റ് ലില്ലി ആനിക്കാട് സ്വാഗതം ആശംസിച്ചു.

മേരി സെലിന്‍ജേര്‍, ഫാ. മാത്യു എളയടത്തുമഠം, ഡോ. ടാറ്റ, ഡോ. സുജാത റെഡ്ഡി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. മുന്‍ പ്രസിഡന്റ് മേരി ജോസ്, മുഖ്യപ്രഭാഷക മേരി സെലിന്‍ജേറിനെ സദസിനു പരിചയപ്പെടുത്തി. അഅഇച സംഘടനയുടെ ഡയറക്ടറായ മേരി സെലിന്‍ജേര്‍ 'ആരോഗ്യകരമായ ജോലി സാഹചര്യങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഷെര്‍ലി പാറയില്‍ 'നഴ്സിംഗ്' എന്ന വിഷയത്തില്‍ സരസമായ വീഡിയോ അവതരിപ്പിച്ചു.

മാത്യു എളയടത്തുമഠവും മേരി സെലിന്‍ജേറും ചേര്‍ന്ന് നഴ്സുമാര്‍ക്കു റോസപ്പൂവ് നല്‍കി ആദരിച്ചു. മാതൃദിനമനുസ്മരിച്ച് 'അമ്മമക്കള്‍' ചേര്‍ന്ന് ഡാന്‍സ് അവതരിപ്പിച്ചു. സായി ഹെല്‍ത്ത് ഫെയര്‍ ക്ളിനിക്കിനു തുടക്കം കുറിച്ച ഡോ. സുജാത റെഡ്ഡി, നഴ്സുമാരുടെ അത്യുത്തമമായ സേവനങ്ങളെ അഭിനന്ദിച്ചു സംസാരിച്ചു. വിദ്യാഭ്യാസത്തിലും ജോലിയിലും നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്കു ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. ജിനയുടെ മുന്‍ പ്രസിഡന്റ് മേരി ജോസിനു ജിനയുടെ പുരസ്കാരമായ 'നഴ്സസ് ഓഫ് ദി ഈയര്‍ 2015' ബഹുമതിക്ക് അര്‍ഹയായി.

ഗ്രാന്റ് കനിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി ബിരുദം നേടിയവരെ ചടങ്ങില്‍ പ്രത്യേകം അനുമോദിച്ചു. പങ്കെടുത്തവര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും കലാകാരികള്‍ക്കും സെന്റ് തോമസ് ഓര്‍ത്തോഡോക്സ് പള്ളി ഭാരവാഹികള്‍ക്കും സെക്രട്ടറി ജെസി പ്രത്യേകം നന്ദി പറഞ്ഞു.

ജെനി മാത്തനും ദീപ്തി വര്‍ഗീസും എംസിയായിരുന്നു. ജിനയിലെ അംഗങ്ങളും കുടുംബാഗംങ്ങളും അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങുകളെ വര്‍ണാഭമാക്കി. അത്താഴവിരുന്നോടെ ആഘോഷങ്ങള്‍ക്കു തിരശീല വീണു. പബ്ളിക് റിലേഷനുവേണ്ടി ഷൈനി മൂഞ്ഞേലി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍