മിഡില്‍സ്ബ്രോ രൂപത വിശ്വാസ പരിശീലന സെമിനാറും കേന്ദ്ര കമ്മിറ്റി യോഗവും നടത്തി
Wednesday, May 27, 2015 6:26 AM IST
ലണ്ടന്‍: സീറോ മലബാര്‍ സഭയ്ക്ക് പുത്തന്‍ ഉണര്‍വും ദിശാബോധവും നല്‍കുന്നതിനായി രൂപതയുടെ വിവിധ ഇടവകകളില്‍നിന്നുള്ള സണ്‍ഡേ സ്കൂള്‍ ടീച്ചേഴ്സിനായി ചര്‍ച്ചാ ക്ളാസ് നടത്തി.

മേയ് 23നു (ശനി) യോര്‍ക്ക് സെന്റ് ജോസഫ് ദേവാലയ ഹാളില്‍ നടന്ന സെമിനാറില്‍ വിശ്വാസപരിശീലനത്തിന്റെ നാഷണല്‍ ചുമതലുള്ള ഫാ. മാത്യു ചൂരപൊയ്കയില്‍ മാര്‍ഗനിര്‍ദേശ ക്ളാസുകള്‍ നയിച്ചു. തുടര്‍ന്നു രൂപതയുടെ ചുമതലയുള്ള ഫാ. ആന്റണി ചുണ്െടലിക്കാട്ടില്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. സമ്മേളനത്തിനു സഞ്ജയ് ജോസഫ് സ്വാഗതം ആശംസിച്ചു. രൂപതയുടെ വിശ്വാസ പരിശീലന കോ-ഓര്‍ഡിനേറ്റര്‍മാരായിട്ടുള്ള റോയി പി. മാണി (യോര്‍ക്ക്), മഞ്ജു ആന്റണി (മിഡില്‍സ്ബ്രോ) എന്നിവര്‍ സമ്മേളനത്തിനു നേതൃത്വം നല്‍കി. പുതിയ കാഴ്ചപ്പാടുകള്‍ ലഭിക്കുന്നതോടൊപ്പം പുത്തന്‍ കര്‍മ പദ്ധതികള്‍ ആവിഷ്കരിക്കാനും സമ്മേളനത്തിനു കഴിഞ്ഞു. സമ്മേളനത്തിനു റോയി പി. മാണി നന്ദി പറഞ്ഞു.

കേന്ദ്ര കമ്മിറ്റി യോഗത്തില്‍ രുപതയ്ക്കായി നിര്‍മിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം ഫാ. ആന്റണി നിര്‍വഹിച്ചു. രൂപത സെക്രട്ടറി ജയിംസ് ജോസഫ് സ്വാഗതം ആശംസിച്ചു. നാഷണല്‍ അസിസ്റന്റ് ജനറല്‍ സെക്രട്ടറി സാജു പോള്‍ (ഹള്‍) കേന്ദ്ര കമ്മിറ്റിയിലുള്ള പൊതുവിവരങ്ങള്‍ അവതരിപ്പിച്ചു. ട്രഷറര്‍ ജോഗേഷ് (ഹള്‍) പുതുതായി രൂപപ്പെടുത്തിയ ഇടവക വിവരസ്ഥിതി അവതരിപ്പിച്ചു. ഒക്ടോബര്‍ 25നു യോര്‍ക്കില്‍ നടക്കുന്ന രൂപത കുടുംബ സംഗമത്തിനു നേതൃത്വം നല്‍കുന്നതിനായി ടിനു ഏബ്രഹാം (യോര്‍ക്ക്) പ്രധാന ചുമതലയുള്ള ഒരു കമ്മിറ്റി രൂപവത്കരിച്ചു. വെബ്സൈറ്റിന്റെ നിര്‍മാണത്തിനായി പ്രവര്‍ത്തിച്ച സഞ്ജയ് ജോസഫിനെ കേന്ദ്ര സമിതി നന്ദി പറഞ്ഞു.