സാന്‍ അന്റോണിയോ ക്നാനായ പള്ളിയുടെ കൂദാശ നടന്നു
Wednesday, May 27, 2015 5:41 AM IST
സാന്റോഅന്റോണിയോ: സാന്‍ അന്റോണിയോ ക്നാനായ പള്ളിയുടെ കൂദാശ മേയ് 24നു നടന്നു. കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിനെയും ഷിക്കാഗോ രൂപത സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിനെയും പരമ്പരാഗത വേഷമണിഞ്ഞ താലപ്പൊലിയേന്തിയ ബാലികമാര്‍ പള്ളിയങ്കണത്തിലേക്കു വരവേറ്റു. നടവിളികളും ആര്‍പ്പുവിളികളുമായി പുതിയ പള്ളിയിലേക്ക് ആനയിക്കപ്പെട്ട പിതാക്കന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പുതിയ പള്ളിയുടെ കൂദാശാകര്‍മം നിര്‍വഹിച്ചു.

ഫാ. സജി പിണര്‍കയില്‍, ഫാ. ജോസഫ് ശൌര്യംമാക്കല്‍, ഫാ. ബിനീഷ്, ഫാ. ടോം, ഫാ. ആന്റണി, ഫാ. സിനോജ്, ഫാ. സ്റിനോയ്, ഫാ. ജോര്‍ജ് തുടങ്ങി നിരവധി വൈദീകരുടേയും സിസ്റേഴ്സിന്റേയും സാന്നിധ്യത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്കു സാന്‍ അന്റോണിയോയില്‍നിന്നും സമീപ പ്രദേശത്തുനിന്നും നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ദിവ്യബലിയെ തുടര്‍ന്ന് ഇടവകാംഗങ്ങളാല്‍ പുതുതായി നിര്‍മിച്ച കുരിശടിയുടെ ബിഷപ് മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു.

തുടര്‍ന്ന് നടന്ന അനുമോദനസമ്മേളനം ഇടവകയിലെ കുഞ്ഞുങ്ങള്‍ അവതരിപ്പിച്ച ക്നാനായ തനിമ വിളിച്ചോതുന്ന പ്രവേശന നൃത്തത്തോടെ ആരംഭിക്കുകയും വികാരി ഫാ. ബിനോയി സ്വാഗതം പറയുകയും ചെയ്തു. തുടര്‍ന്ന് ബിഷപ് മാര്‍ ജോയി ആലപ്പാട്ട്, ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ഫൊറോനാ വികാരി ഫാ. സജി പിണര്‍കയില്‍, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് വികാരി ഫാ. സിനോജ്, ക്നാനായ അസോസിയേഷന്‍ പ്രസിഡന്റ് സിജു കുഴിംപറമ്പില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ഈ നേട്ടം കൈവരിച്ച ഇടവകയിലെ ഓരോ കുടുംബത്തെയും അനുമോദിക്കുകയും ചെയ്തു. സെക്രട്ടറി ജിജി ബിജോയ്സ് മൂന്നുപറയില്‍ നന്ദി അറിയിക്കുകയും, തുടര്‍ന്ന് ഇടവകാംഗങ്ങള്‍ പരമ്പരാഗത ശൈലിയില്‍ പാകം ചെയ്ത വിഭവസമൃദ്ധമായ സ്നേഹവിരുന്നോടുകൂടി ആഘോഷപരിപാടികള്‍ക്കു പരിസമാപ്തിയായി. വിനു മാവേലില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം