ടോറികള്‍ക്കുള്ള വംശീയ ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇരട്ടിയായി; ഇന്ത്യാക്കാര്‍ മുന്നില്‍
Tuesday, May 26, 2015 8:19 AM IST
ലണ്ടന്‍: കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ തന്നെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രധാനമന്ത്രി ഡേവിഡ് കാമറോണും സ്വീകരിച്ചു വരുന്നത്. എന്നാല്‍, ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ വംശീയ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ള പിന്തുണ ഇരട്ടിയായെന്നാണ് സര്‍വേകളില്‍ വ്യക്തമാകുന്നത്.

കറുത്ത വര്‍ഗക്കാരുടേതും ഏഷ്യക്കാരുടേതുമായി പത്തു ലക്ഷം വോട്ട് ടോറികള്‍ പിടിച്ചെന്നാണ് ഏകദേശ കണക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 16 ശതമാനം വംശീയ ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയെ പിന്തുണച്ചെങ്കില്‍, ഇത്തവണ അത് 33 ശതമാനമായെന്നും വ്യക്തമാകുന്നു.

ന്യൂനപങ്ങളില്‍ തന്നെ ഏറ്റവും കൂടുതല്‍ പിന്തുണ ടോറികള്‍ക്കു നല്‍കിയിരിക്കുന്നത് ഇന്ത്യന്‍ വംശജരായ ഹിന്ദുക്കളും സിഖുകാരുമാണത്രെ. മുസ്ലിങ്ങളായ ഏഷ്യക്കാരും കറുത്ത വര്‍ഗക്കാരും ലേബര്‍ പാര്‍ട്ടിക്കു നല്‍കിവരുന്ന പിന്തുണ വലിയ മാറ്റമില്ലാതെ തുടരുകയാണ്.

സിഖ് സമൂഹത്തെ കൂടെ നിര്‍ത്തുന്നതില്‍ ഡേവിഡ് കാമറോണ്‍ വിജയിച്ചെന്നും വിലയിരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പിനു മുമ്പു അദ്ദേഹം നടത്തിയ ഗുരുദ്വാര സന്ദര്‍ശനം ഫലം ചെയ്തു.

അതേസമയം, ലേബര്‍ നേതാവായിരുന്ന എഡ് മിലിബാന്‍ഡിന്റെ ഗുരുദ്വാര സന്ദര്‍ശനവും ഫോട്ടോഗ്രാഫി നിരോധനവും മറ്റും വിവാദങ്ങളില്‍ മുങ്ങുകയുമായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍