പ്ളാറ്റിനിക്കും മറഡോണയ്ക്കും മോഹം ബ്ളാറ്റര്‍ തോല്‍ക്കാന്‍
Tuesday, May 26, 2015 8:18 AM IST
പാരീസ്: ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സെപ് ബ്ളാറ്റര്‍ തോറ്റു കാണണമെന്ന് യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ളാറ്റിനിക്കു മോഹം. തെരഞ്ഞെടുപ്പില്‍ തന്റെ പിന്തുണ ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈനായിരിക്കുമെന്ന് പ്ളാറ്റിനി പ്രഖ്യാപിച്ചുകഴിഞ്ഞു.

ലൂയി ഫിഗോ അടക്കമുള്ള മറ്റു സ്ഥാനാര്‍ഥികളെല്ലാം പിന്‍മാറിയ സാഹചര്യത്തില്‍ ബ്ളാറ്ററും ജോര്‍ദാന്‍ രാജകുമാരനും തമ്മില്‍ നേരിട്ടാണു മത്സരം. പല അസോസിയേഷനുകളും ഇതിനകം രാജകുമാരനു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. തുടര്‍ച്ചയായ അഞ്ചാം വട്ടം പ്രസിഡന്റ് സ്ഥാനത്തെത്താനാണ് ബ്ളാറ്ററുടെ ശ്രമം.

ഇതു തന്റെ അവസാന ടേമായിരിക്കുമെന്ന് ബ്ളാറ്റര്‍ നാലു വര്‍ഷം മുമ്പ് തന്നോടു കള്ളം പറയുകയായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ പ്ളാറ്റിനി വ്യക്തമാക്കി. കള്ളം പറയുന്ന ഒരാളെ പിന്തുണയ്ക്കാന്‍ തനിക്കു സാധിക്കില്ലെന്നും പ്ളാറ്റിനി പറഞ്ഞു. പുതുരക്തങ്ങള്‍ക്ക് അവസരം നല്‍കാന്‍ ശരിയായ അവസരം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ളാറ്റര്‍ ഏകാധിപതിയെപ്പോലെയാണ് ഫിഫയില്‍ ഭരണം നടത്തുന്നതെന്ന് അര്‍ജന്റൈന്‍ ഇതിഹാസം ഡീഗോ മറഡോണ അഭിപ്രായപ്പെട്ടു. ഫിഫയ്ക്ക് അപമാനവും നാണക്കേടും മാത്രമാണ് അദ്ദേഹം നല്‍കിയതെന്നും മറഡോണ പറഞ്ഞു.

1998 മുതല്‍ ഫിഫ പ്രസിഡന്റാണ് ബ്ളാറ്റര്‍. ഇക്കുറി അദ്ദേഹം അധികാരം നിലനിര്‍ത്തണമെന്നോ അതിനു അര്‍തയുള്ളതായോ ആരും പറയുന്നില്ല. വംശീയതയെ ശക്തമായി നേരിടുമെന്നാണ് ഇപ്പോള്‍ അദ്ദേഹം നല്‍കുന്ന വാഗ്ദാനം. കഴിഞ്ഞ നാലു ടേമിലും അദ്ദേഹം എന്തു ചെയ്യുകയായിരുന്നുവെന്ന് മറഡോണ ചോദിക്കുന്നു.

മേയ് 29 നു സൂറിച്ചിലാണ് ഫിഫാ പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍