ഫാ. മനോജ് പൊന്‍കാട്ടിലിനും ഫാ. ആന്റണി നല്ലുകുന്നേലിനും യാത്രയയപ്പു മേയ് 31ന്
Tuesday, May 26, 2015 8:18 AM IST
ഡബ്ളിന്‍: ഡബ്ളിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ളെയിനായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി സുസ്ത്യര്‍ഹമായ സേവനം അനുഷ്ട്ടിച്ചശേഷം മാതൃ രൂപതയായ തെലുങ്കാനയിലെ അദിലാബാദിലേയ്ക്ക് മടങ്ങുന്ന ഫാ.മനോജ് പൊന്‍കാട്ടിലിന് ഡബ്ളിന്‍ സീറോ മലബാര്‍ സഭ യാത്രയയപ്പു നല്‍കുന്നു.

മേയ് 31നു (ഞായര്‍) വൈകുന്നേരം നാലിന് ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍ നടത്തുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമാണ് യാത്രയയപ്പു സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

ഡബ്ളിന്‍ സീറോ മലബാര്‍ സഭയില്‍ ആരാധനാക്രമങ്ങള്‍ സജീവമാക്കാനും കുട്ടികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം സഭാപ്രവര്‍ത്തനങ്ങളില്‍ വര്‍ധിപ്പിക്കാനും ഫാ. മനോജ് വഹിച്ച നേതൃത്വത്തിനു സഭാസമൂഹത്തിന്റെ കൃതജ്ഞതയര്‍പ്പിക്കാനും ഈ അവസരം ഉപയോഗിക്കും.

ഡബ്ളിനിലെ അതിരൂപതയിലെയും അയര്‍ലന്‍ഡിലെ മലയാളി സമൂഹത്തിലേയും സാമൂഹ്യ സാംസ്കാരിക മേഖലകളിലും യുവജന സംഘാടക രംഗത്തും കഴിഞ്ഞ ഒമ്പതു വര്‍ഷത്തോളമായി സേവനം അനുഷ്ട്ടിച്ചതിനുശേഷം ഉപരിപഠനത്തിനായി റോമിലേയ്ക്കു പോകുന്ന ഡബ്ളിന്‍ ഫെയര്‍വ്യൂ പള്ളി വികാരി ഫാ. ആന്റണി നല്ലൂക്കുന്നേലിനും സമ്മേളനത്തില്‍ യാത്രാമംഗളങ്ങള്‍ നേരും. യോഗത്തില്‍ ഫാ. ആന്റണി നല്ലുകുന്നേല്‍ പ്രത്യേക അതിഥി ആയിരിക്കും.

ഡബ്ളിന്‍ സീറോ മലബാര്‍ സഭയുടെ ഒമ്പത് മാസ് സെന്ററുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഒരുക്കുന്ന പരിപാടികളിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭാ സമിതി ചെയര്‍പേഴ്സണ്‍ ഫാ.ജോസ് ഭരണികുളങ്ങരയും സഭാ സമിതി ഭാരവാഹികളും അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍