എംസിഎല്‍ ട്വിന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ്: തൃശൂര്‍ പുലികള്‍ ജേതാക്കള്‍
Tuesday, May 26, 2015 8:16 AM IST
ദുബായി: യംഗ് ടാലന്റ്സ് ക്രിക്കറ്റ് അക്കാദമി, റെഡ് 94.7 എഫ്എം, ടൈം ഇവന്റ്സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജ ക്രിക്കറ്റ് കൌണ്‍സിലിന്റെ സഹകരണത്തോടെ ഷാര്‍ജ സ്കൈലൈന്‍ കോളജ് ഗ്രൌണ്ടില്‍ നടന്ന എംസിഎല്‍ ട്വിന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തൃശൂര്‍ പുലികള്‍ ജേതാക്കളായി.

ഫൈനലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 17 റണ്‍സിനാണ് തോല്‍പ്പിച്ചത്.

ആദ്യം ബാറ്റു ചെയ്ത തൃശൂര്‍ പുലികള്‍ 19.2 ഓവറില്‍ പത്തുവിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.

ലോകകപ്പ് ക്രിക്കറ്റില്‍ യുഎഇക്കു വേണ്ടി കളിച്ച കൃഷ്ണചന്ദ്രനാണ് ടൂര്‍ണമെന്റില്‍ തൃശൂര്‍ പുലികളെ നയിച്ചത്.

സംഗീത സംവിധായകന്‍ രാജാമണി സമ്മാനദാനം നിര്‍വഹിച്ചു.

കേരളത്തിലെ 14 ജില്ലകളെ പ്രതിനിധീകരിച്ചുള്ള ടീമുകളും ട്രാവന്‍കൂര്‍, തലശേരി മേഖല ടീമുകളും ടൂര്‍ണമെന്റില്‍ മാറ്റുരച്ചു.

റിപ്പോര്‍ട്ട്: റോജിന്‍ പൈനുംമൂട്