സിബിഎസ്ഇ പ്ളസ്ടു പരീക്ഷയില്‍ റിയാദിലെ സ്കൂളുകള്‍ക്കു മികച്ച വിജയം
Tuesday, May 26, 2015 5:01 AM IST
റിയാദ്: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയില്‍ റിയാദിലെ ഇന്ത്യന്‍ സ്കൂളുകളില്‍നിന്ന് പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കു തിളക്കമാര്‍ന്ന വിജയം. നൂറു മേനിയും ഉയര്‍ന്ന മാര്‍ക്കുമായി രണ്ടു കമ്യൂണിറ്റി സ്കൂളിലേയും മറ്റു സ്വകാര്യ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെയും വിദ്യാര്‍ഥികള്‍ ഉജ്വല വിജയം സ്വന്തമാക്കി. 649 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ 621 പേര്‍ വിജയിച്ചു. ഡിസ്റ്റിങ്ങ്ഷനും ഒന്നാം ക്ളാസുമായി 507 കുട്ടികള്‍ പാസായപ്പോള്‍ 44 കുട്ടികള്‍ക്ക് രണ്ടാം ക്ളാസും എട്ടു കുട്ടികള്‍ക്കു മൂന്നാം ക്ളാസും ലഭിച്ചു. 62 വിദ്യാര്‍ഥികള്‍ കംപാര്‍ട്ട്മെന്റ് എഴുതണം. വിജയശതമാനം ഇത്തവണ 65.7 ശതമാനമാണ്. 95.8 ശതമാനം മാര്‍ക്കോടെ സയന്‍സ് സ്ട്രീമില്‍ താഹ ഖുര്‍ഷിദ് അഹമ്മദും 92.8 ശതമാനം മാര്‍ക്കില്‍ കൊമേഴ്സ് സ്ട്രീമില്‍ ഹയ ഖുര്‍ഷിദും ഹ്യൂമാനിറ്റീസില്‍ 92 ശതമാനം മാര്‍ക്ക് നേടി നേയ നടരാജനും ഒന്നാം റാങ്ക് കരസ്ഥമാക്കി. സയ്യിദ് ഉസൈര്‍ അഹമ്മദ് (94.4), സഫിയ മിറാജ് (93.6) എന്നിവര്‍ സയന്‍സിലും ചിന്ദുറാണി ലക്ഷ്മണന്‍ (91), തസ്മിയ ഫിര്‍ദൌസ് (90.6) എന്നിവര്‍ കൊമേഴ്സിലും തയ്യിബ ഖാന്‍ (88.2), അര്‍ഷി ഫാത്തിമ (86.8) എന്നിവര്‍ ഹ്യുമാനിറ്റീസിലും യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി. സ്കൂളിനു മികച്ച വിജയം നേടിത്തന്ന വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ പര്‍വേസ് ഷൌക്കത്ത് അഭിനന്ദിച്ചു.

ഒരൊറ്റ വിദ്യാര്‍ഥി പാലും പരാജയപ്പെടാതെ ഇത്തവണയും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ളിക് സ്കൂള്‍ (സേവ) മികച്ച വിജയം കരസ്ഥമാക്കി. 40 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ അഞ്ചുപേര്‍ 90 ശതമാനത്തില്‍ അധികം മാര്‍ക്കുവാങ്ങി വിജയിച്ചു. 94.8 ശതമാനം മാര്‍ക്കു വാങ്ങിയ അബീര്‍ അല്‍ത്താഫിനാണ് സ്കൂളിലെ ഒന്നാം റാങ്ക്. 94 ശതമാനം മാര്‍ക്കോടെ മറിയം റിസ്ല ഷാഹുല്‍ ഹമീദ് രണ്ടാം റാങ്കും 91.2 ശതമാനം മാര്‍ക്ക് നേടി മറിയം ആസിഫ് മൂന്നാം റാങ്കും കരസ്ഥമാക്കി. സ്കൂളില്‍ ഒന്നാം റാങ്ക് നേടിയതോടൊപ്പം ഇംഗ്ളീഷില്‍ 97 ശതമാനം മാര്‍ക്കും വാങ്ങിയ അബീര്‍ അല്‍ത്താഫിനെ പ്രിന്‍സിപ്പല്‍ കെ.എം. അബ്ദുല്‍ അസീസ് പ്രശംസിച്ചു.

മൂന്നു കുട്ടികള്‍ പരീക്ഷയെഴുതിയ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ രണ്ടു പേര്‍ നല്ല മാര്‍ക്കോടെ വിജയിച്ചപ്പോള്‍ ഒരു വിദ്യാര്‍ഥി കംപാര്‍ട്ട്മെന്റ് എഴുതണം. ഇത്തവണ മൂന്ന് പെണ്‍കുട്ടികളാണ് പരീക്ഷയെഴുതിയതെങ്കില്‍ അടുത്ത വര്‍ഷം 20 ആണ്‍കുട്ടികളാണു പ്ളസ് ടു പരീക്ഷയെഴുതാന്‍ തയാറെടുക്കുന്നതെന്നു പ്രിന്‍സിപ്പല്‍ റഹ്മത്തുള്ള പറഞ്ഞു.

അല്‍ ആലിയ ഇന്റര്‍നാഷണല്‍ സ്കൂളില്‍ സയന്‍സ്, കൊമേഴ്സ് സ്ട്രീമുകളില്‍ പരീക്ഷയെഴുതിയ 64 വിദ്യാര്‍ത്ഥികളില്‍ 58 പേര്‍ മികച്ച വിജയം കൊയ്തു. മുപ്പത് വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന ഗ്രേഡായ എ പ്ളസ് നേടി. തുടര്‍ച്ചയായി സ്കൂളിന് അഭിമാനാര്‍ഹമായ വിജയം സമ്മാനിക്കുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രിന്‍സിപ്പല്‍ പയസ് ജോണ്‍ അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍