ജര്‍മന്‍കാരിക്ക് 65 -ാം വയസില്‍ ഒറ്റപ്രസവത്തില്‍ നാലു കുട്ടികള്‍
Monday, May 25, 2015 8:26 AM IST
ബര്‍ലിന്‍: അറുപത്തിയഞ്ചാം വയസില്‍ ഒറ്റപ്രസവത്തിലൂടെ നാലു കുട്ടികള്‍ക്ക് ജന്മം കൊടുത്തതിന്റെ ത്രില്ലിലാണു ജര്‍മന്‍കാരിയായ അന്നെഗ്രിറ്റ് റൌനിക്. പതിമൂന്നു കുട്ടികളുടെ അമ്മയായ ഇവര്‍ 65-ാം വയസിലെ പ്രസവത്തിലൂടെ ചരിത്രംതന്നെ മാറ്റിയെഴുതിയിരിക്കുകയാണ്.

മേയ് 23നു ബര്‍ലിനിലെ ആശുപത്രിയിലാണ് അത്യപൂര്‍വമായ ഈ പ്രസവം നടന്നത്. യുക്രൈന്‍ ആസ്ഥാനമായ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശ്രമഫലമായി നടന്ന കൃത്രിമ ഗര്‍ഭധാരണത്തിലൂടെ (മൃശേളശരശമഹ ശിലൊശിമശീിേ) മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഇവര്‍ക്കു പിറന്നത്. നിശ്ചിത സമയത്തേക്കാള്‍ 14 ആഴ്ച മുമ്പായിരുന്നു പ്രസവം. 650 ഉം 960 ഗ്രാം വീതം തൂക്കമുണ്ട് കുട്ടികള്‍ക്ക്. നീറ്റ, ഡ്രീസ്, ബെന്‍സ്, ഫ്ജോന്‍ എന്നാണു കുട്ടികള്‍ക്കു പേരിട്ടിരിക്കുന്നത്. നേരത്തേയുള്ള പ്രസവം ആയതുകൊണ്ട് കുട്ടികളുടെ ജീവനു ഭീഷണിയില്ലെന്നാണു ഡോക്ടര്‍മാരുടെ ഭാഷ്യം.

ഇംഗ്ളീഷ്, റഷ്യന്‍ എന്നീ ഭാഷകള്‍ പഠിപ്പിക്കുന്ന അധ്യാപികയായ അന്നെഗ്രിറ്റെ പെന്‍ഷന്‍ പറ്റുന്നതിനു മുമ്പുള്ള പ്രസവത്തിന്റെ വെളിച്ചത്തില്‍ ഇനിയുള്ള കാലം പ്രസവാവധിയില്‍ പ്രവേശിക്കും. ബര്‍ലിന്‍ സ്വദേശിനിയായ അന്നെഗ്രിറ്റിന് ഏഴു പേരക്കുട്ടികളുമുണ്ട്. ഇവരുടെ മൂത്ത മകള്‍ക്കു 44 വയസ് പ്രായമുണ്ട്. ഒരു അനുജനെയോ അനുജത്തിയെയോ വേണമെന്ന ഒമ്പതു വയസുള്ള ഇളയ കുട്ടിയുടെ ആഗ്രഹത്തിന്റെ സഫലീകരണമാണു കൃത്രിമ ഗര്‍ഭധാരണത്തിലൂടെ വീണ്ടും അമ്മയായതെന്ന് അവര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു.

സ്കാനിംഗില്‍ നാലു കുട്ടികളാണ് തന്റെ ഗര്‍ഭപാത്രത്തില്‍ വളരുന്നതെന്നു ഡോക്ടര്‍ വെളിപ്പെടുത്തിയപ്പോള്‍ ആദ്യം ഞെട്ടിപ്പോയെന്നു മാത്രമല്ല തന്നില്‍ അത്ഭുതം സംഭവിക്കുകയാണെന്നു തോന്നിയെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇതൊക്കെ ഇപ്പോള്‍ സത്യമാവുകയായിരുന്നു എന്നും റൌനിക് കൂട്ടിച്ചേര്‍ത്തു. അന്‍പത്തിയഞ്ചാം വയസിലാണ് ഇവര്‍ പതിമൂന്നാമത്തെ കുട്ടിക്കു ജന്മം നല്‍കിയത്.

ഇത്രയധികം കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നു മുന്‍കൂട്ടി എടുത്ത തീരുമാനമൊന്നും ആയിരുന്നില്ലെന്ന് അവര്‍ പറയുന്നു. ഒരു കുട്ടി മാത്രം മതിയെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍, എല്ലാം സംഭവിച്ചു. കൂടുതല്‍ കുട്ടികളുടെ സാന്നിധ്യം ഇപ്പോള്‍ തന്നെ കൂടുതല്‍ ചെറുപ്പമാക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രിലില്‍ അന്നെഗ്രിറ്റിനെപ്പറ്റി ജര്‍മന്‍ മാധ്യമങ്ങള്‍ വളരെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാലിപ്പോള്‍ ലോകമാധ്യമങ്ങളിലൂടെ ഏറെ തിളങ്ങിനില്‍ക്കുകയാണ് ഈ അറുപത്തിയഞ്ചുകാരി അമ്മ. ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങള്‍ എല്ലാംതന്നെ ഇവരെ ഇപ്പോഴും കൂടുതല്‍ കേന്ദ്രീകരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍