തല പോയാലും പേടിക്കണ്ട, വച്ചുപിടിപ്പിക്കാം
Monday, May 25, 2015 8:24 AM IST
ലണ്ടന്‍: കാറപകടത്തില്‍ ശിരസും നട്ടെല്ലുമായി ബന്ധം വേര്‍പെട്ട യുവാവിനു അത്യപൂര്‍വ ശസ്ത്രക്രിയയിലൂടെ പുനര്‍ജന്മം. ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കും നേതൃത്വം നല്‍കിയത് ഇന്ത്യന്‍ ഡോക്ടര്‍.

ബ്രിട്ടനിലെ പീറ്റര്‍ലീയിലുള്ള ന്യൂഹാതോണ്‍ ന്യൂറോളജിക്കല്‍ റീഹാബിലിറ്റേഷന്‍ സെന്ററിലാണ് വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ച ചികിത്സാവിജയം.

ഇന്ത്യന്‍ വംശജനും ന്യൂറോ സര്‍ജനുമായ ഡോ. ആനന്ദ് കാമത്തിന്റെ പരിചരണത്തില്‍ സുഖംപ്രാപിച്ച ബ്രിട്ടിഷ് യുവാവ് ടോണി കവാന്‍ (29) വീട്ടിലേക്കു മടങ്ങാനുള്ള തയാറെടുപ്പിലാണ്. അല്‍പ്പകാലം കൂടി വിശ്രമവും ചികിത്സയും പൂര്‍ത്തിയാക്കിയാല്‍ സാധാരണജീവിതത്തിലേക്കു മടങ്ങാം ടോണിക്ക്.

2014 സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു ടോണിയുടെ ജീവിതം തകര്‍ത്തെറിഞ്ഞ അപകടം. ന്യൂകാസില്‍ സിറ്റിയിലെ സ്പീഡ് ബംപിലിടിച്ചു മറിഞ്ഞു ടെലിഫോണ്‍ പോസ്റില്‍ ഇടിച്ച കാറില്‍നിന്നു പുറത്തെടുക്കുമ്പോള്‍ ടോണിയുടെ ഹൃദയം നിലച്ചിരുന്നു. പോലീസ് അകമ്പടിയോടെ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനകളുടെ ഫലവും ആശാവഹമായിരുന്നില്ല; ഏറ്റവും ഗുരുതരമെന്നു വിശേഷിപ്പിക്കപ്പടുന്ന 'സി2 ഫ്രാക്ചറാണു' കഴുത്തിന്. നട്ടെല്ലിലാകെ സാരമായ പരിക്കുകള്‍. തലച്ചോര്‍ പ്രവര്‍ത്തിക്കുന്നില്ല. ജീവന്‍രക്ഷാ ഉപകരണങ്ങള്‍കൊണ്ടും ഫലമില്ല.

എന്നാല്‍, ഇതിനിടെ ഡോക്ടര്‍മാരുടെ പരിശ്രമത്തിനിടയിലെപ്പോഴോ ടോണിയുടെ കണ്ണുകള്‍ തുറന്നടഞ്ഞു. എങ്ങനെയും ജീവന്‍ രക്ഷിക്കണമെന്ന അമ്മ പെപ്സി കവാന്റെയും ജീവിത പങ്കാളി കരെന്‍ ഡോസന്റെയും അഭ്യര്‍ഥനകൂടിയായപ്പോള്‍ എല്ലാം മറന്നുള്ള ശ്രമത്തിനു ഡോ. ആനന്ദ് തയാറാകുകയായിരുന്നു. അപകടത്തില്‍ നട്ടെല്ലുമായി ബന്ധം വേര്‍പെട്ടെങ്കിലും തലച്ചോറിനു പരിക്കുകളൊന്നുമില്ലെന്നതിലായിരുന്നു ഡോക്ടറുടെ പ്രതീക്ഷ. തലച്ചോറിനെ നട്ടെല്ലുമായി വീണ്ടും ചേര്‍ത്തുവച്ച് ലോഹ പ്ളേറ്റുകളും സ്ക്രൂവും കൊണ്ട് ഉറപ്പിച്ചു ഡോക്ടര്‍. ഡോ. ആനന്ദിന്റെ ജീവിതത്തില്‍ ഇതാദ്യമായിരുന്നു ഇത്തരമൊരു ശസ്ത്രക്രിയ. പിന്നീടു കണ്ണിമചിമ്മാതെയുള്ള പരിചരണവും കാത്തിരിപ്പും. മാസങ്ങള്‍ പിന്നിട്ടതോടെ ടോണി സാധാരണ ജീവിതത്തിലേക്കു മടങ്ങുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍