സൌദി അറേബ്യയെ വിഭജിക്കാന്‍ ഐഎസ് ഭീകരര്‍ പദ്ധതിയിട്ടു
Monday, May 25, 2015 6:47 AM IST
ദമാം: സൌദി അറേബ്യയെ അഞ്ചാക്കി വിഭജിക്കാന്‍ ഐഎസ് ഭീകര സംഘടന പദ്ധതി തയാറാക്കിയിരുന്നതായി വിവരം ലഭിച്ചുവെന്നു സൌദി ആഭ്യന്തര മന്ത്രാലയം.

കുട്ടികളെ ഐഎസ് ഭീകര സംഘടനയിലേക്കു റിക്രൂട്ട് ചെയ്യുന്നതിനു പ്രത്യേക പദ്ധതി തയാറാക്കിയിരുന്നു. പിടിക്കപ്പെട്ട ഭീകരര്‍ പ്രധാനമായും രണ്ടുതരം ആക്രമണങ്ങള്‍ നടത്തുന്നതിനാണു പദ്ധതി തയാറാക്കിയത്. ഒന്ന് നിസ്കരിക്കുന്നവരെ ആക്രമിക്കുന്നതിനും മറ്റൊന്നു സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുന്നതിനുമാണ്.

സുരക്ഷാ വകുപ്പിന്റെ പിടിയിലായ അബ്ദുള്‍ മാലിക് അല്‍ബാദിയാണു കുട്ടികളെ ഭീകര ശൃംഖലയ്ക്കു റിക്രൂട്ട് ചെയ്യുന്നതിനു ചുമതലപ്പെടുത്തിയിരുന്നത്. ഇയാളുടെ സിറിയയിലുണ്ടായിരുന്ന സഹോദരന്‍ അബ്ദുള്‍ അസീസ് ഇതിനുവേണ്ട ഒത്താശകള്‍ ചെയ്തു.

ഐഎസിന്റെ 23 സെല്ലിനു അബ്ദുള്‍ മാലിക് അല്‍ ബാദി രൂപം നല്‍കിയതായി സൌദി ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി വ്യക്തമാക്കി. ഇവരെ പാര്‍പ്പിക്കുന്നതിനായി റിയാദില്‍ അഞ്ചു വീടുകള്‍ തയാറാക്കി. കുട്ടികളെ സെല്ലുകളിലേക്കു ചേര്‍ക്കുന്നതിനായി 23 പേര്‍ക്കു അബ്ദുള്‍ മാലിക് അല്‍ബാദി നിര്‍ദേശം നല്‍കിയിരുന്നു. വലയത്തില്‍പ്പെടുന്ന കുട്ടികളെ കൃത്യമായി പരിശീലിപ്പിക്കുകയും ചെയ്തു. സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും മറ്റു കുടുംബാംഗങ്ങളേയും ആക്രമിക്കുന്നതിനു സംഘം പ്രേരിപ്പിച്ചു. സ്വന്തം കുടുംബങ്ങളോടാണ് ആദ്യം യുദ്ധം ചെയ്യേണ്ടതെന്നു കുട്ടികളെ ധരിപ്പിച്ചു. ഇതിനായി ഖുര്‍ആന്‍ വാക്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു. റിയാദില്‍ സുരക്ഷ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി കരിച്ചുകളയുന്നതിനു സംഘം പെട്രോള്‍ ശേഖരിച്ചിരുന്നു. മൃതദേഹം കരിച്ചുകളയുകയെന്ന ദായിഷിന്‍രെ രീതി പ്രകാരമാണിത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം