കാന്‍സര്‍ നിര്‍ണയ കേന്ദ്രവുമായി തൃക്കരിപ്പൂര്‍ സിഎച്ച് സെന്റര്‍
Monday, May 25, 2015 6:46 AM IST
റിയാദ്: വൃക്കരോഗികള്‍ക്കു സൌജന്യ ഡയാലിസിസ് നല്‍കി വരുന്ന തൃക്കരിപ്പൂര്‍ സിഎച്ച് സെന്ററില്‍ അത്യാധുനിക കാന്‍സര്‍നിര്‍ണയ കേന്ദ്രം ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

കാസര്‍ഗോഡ് ജില്ലയില്‍തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ഡോക്ടര്‍ മൂപ്പന്‍ ഫൌണ്േടഷന്റെ സഹായത്തോടെയാണു കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.

2013 ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിച്ച തൃക്കരിപ്പൂര്‍ സിഎച്ച് സെന്റര്‍ അഞ്ച് യൂണിറ്റുകളിലായി 16 രോഗികള്‍ക്കു ഡയാലിസിസ് ചെയ്തുവരുന്നുണ്ട്. 13 പേര്‍ക്കു സൌജന്യമായും മൂന്നു പേര്‍ക്ക് 750 രൂപ നിരക്കിലുമാണു ഡയാലിസിസ്. കൂടാതെ എക്സറേ യൂണിറ്റും മാമോഗ്രാഫിയും ഐസിയു സംവിധാനത്തോടെയുള്ള രണ്ട് ആംബുലന്‍സ് സര്‍വീസുകളും തൃക്കരിപ്പൂര്‍ സിഎച്ച് സെന്ററിനുണ്ട്. രണ്േട മുക്കാല്‍ ലക്ഷമാണു സെന്റര്‍ നടത്തിപ്പിനുള്ള പ്രതിമാസ ചെലവ്. സൌദി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ കെഎംസിസി കമ്മിറ്റികളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ സിഎച്ച് സെന്റര്‍ സ്ഥാപനവും നടത്തിപ്പുമെന്നുഭാരവാഹികള്‍ വ്യക്തമാക്കി.

സിഎച്ച് സെന്റര്‍ ചെയര്‍മാന്‍ എം.എ.സി. കുഞ്ഞബ്ദുള്ള ഹാജി, ജനറല്‍ കണ്‍വീനറും മുസ്ലിംലീഗ് കാസര്‍ഗോഡ് ജില്ല സെക്രട്ടറിയും തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ എ.ജി.സി. ബഷീര്‍, കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് പി.കെ.സി. റൌഫ് ഹാജി, സിഎച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ ചെയര്‍മാന്‍ എം.ടി.പി. സാലി, കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുള്‍സലാം തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍