നായനാര്‍ പകരം വയ്ക്കാനില്ലാത്ത ജനകീയ നേതാവ്: നവോദയ റിയാദ്
Monday, May 25, 2015 6:44 AM IST
റിയാദ്: കേരള രാഷ്ട്രീയത്തില്‍ പകരംവയ്ക്കാനില്ലാത്ത നേതാവും എകെജിക്കും ഇഎംഎസിനും ശേഷം സിപിഎമ്മിന്റെ ഏറ്റവും ജനകീയനായ നേതാവുമായിരുന്നു ഇ.കെ. നായനാരെന്നു പ്രശസ്ത നാടക സംവിധായകന്‍ ജയന്‍ തിരുമന അഭിപ്രായപ്പെട്ടു.

റിയാദ് നവോദയ സംഘടിപ്പിച്ച ഇ.കെ. നായനാര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നായനാരുമായി നേരിട്ടു ബന്ധപ്പെടാന്‍ സാധിച്ച രണ്ട് അനുഭവങ്ങള്‍ സദസുമായി പങ്കുവച്ച ജയന്‍ തിരുമന, സാധാരണ ജനങ്ങളുമായി അവരുടെ ഭാഷയില്‍ നിരന്തരം സംവദിക്കുകയും രാഷ്ട്രീയത്തിനതീതമായ ഹൃദയബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്ത ഒരാളായിരുന്നു നായനാര്‍ എന്നു ജയന്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി എന്ന നിലയില്‍ ഇ.കെ. നായനാര്‍ നടപ്പിലാക്കിയ വിവിധ ക്ഷേമ പെന്‍ഷനുകളും ആനുകൂല്യങ്ങളും കേരളത്തിന്റെ സാമൂഹ്യ വളര്‍ച്ചക്ക് നല്‍കിയ സംഭാവനകള്‍ വളരെ വലുതായിരുന്നുവെന്നു ചടങ്ങില്‍ സംസാരിച്ച നവോദയ കേന്ദ്ര കമ്മിറ്റി അംഗം ഹക്കീം മാരാത്ത് വിവരിച്ചു.

നവോദയ പ്രസിഡന്റ് രതീശന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അന്‍വാസ് സ്വാഗതവും ഷൈജു ചെമ്പൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍