സ്വന്തം നാട്ടുകാര്‍ പോലും തുണയില്ലാതായ ബംഗാളിക്കു രക്ഷയായതു നവയുഗം
Monday, May 25, 2015 6:44 AM IST
ദമാം: ദമാം എയര്‍പോര്‍ട്ടില്‍ യാത്രയ്ക്കു തയാറെടുക്കുമ്പോഴും ബംഗ്ളാദേശ് സ്വദേശി ഇയാദ് അലിക്ക് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. സ്വന്തം നാട്ടുകാര്‍ പോലും തിരിഞ്ഞു നോക്കാതെ, നട്ടെല്ലു തകര്‍ന്നു ജീവിതത്തിനും മരണത്തിനും ഇടയില്‍ മല്ലടിച്ച നാളുകളില്‍, ഒരു തണലായി നിന്നു സഹായിച്ച നവയുഗം പ്രവര്‍ത്തകരോടുള്ള നന്ദി എത്ര പറഞ്ഞിട്ടും അയാള്‍ക്കു മതിയായിരുന്നില്ല.

ബംഗ്ളാദേശ് സ്വദേശിയും മൂന്നു കുട്ടികളുടെ പിതാവുമായ ഇയാദ് അലി അല്‍കോബാറില്‍ മേസന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. അല്‍കോബാറില്‍ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ചുവര്‍ ചാന്തു പൂശുന്ന ജോലി ചെയ്യുന്നതിനിടയിലാണു രണ്ടാം നിലയില്‍ ജോലിക്കായി കെട്ടിയ തട്ടില്‍നിന്നും കാലു വഴുതി താഴേക്കു പതിച്ച ഇയാദ് അലി, നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റു അബോധാവസ്ഥയില്‍ ആയി. തുടര്‍ന്നു ചിലര്‍ ചേര്‍ന്ന് അല്‍കോബാര്‍ അല്‍ ദോസരി ആശുപത്രിയില്‍ എത്തിച്ചു മടങ്ങി.

അവിടെ അനാഥനായി ബോധമില്ലാതെ മൂന്നു ദിവസം കിടന്ന ഇയാദ് അലിയെപ്പറ്റി, ചില ആശുപത്രി ജീവനക്കാരാണു നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരെ വിവരമറിയിച്ചത്. തുടര്‍ന്നു നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷിബുകുമാര്‍ തിരുവനന്തപുരം ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് കൂടുതല്‍ ചികിത്സാ സഹായങ്ങള്‍ ലഭ്യമാക്കി. നട്ടെല്ലിനു പരിക്കേറ്റതിനാല്‍ ശസ്ത്രക്രിയ ചെയ്യണമെന്നും അതിനു സൌദിയില്‍ ചെലവു വളരെ കൂടുതലായതിനാല്‍ തിരികെ നാട്ടില്‍ പോയി തുടര്‍ ചികിത്സ ചെയ്യുന്നതാണു നല്ലതെന്നും ഡോക്ടര്‍മാര്‍ ഉപദേശിച്ചു.

ഫ്രീ വീസക്കാരന്‍ ആയിരുന്ന ഇയാദ് അലിയുടെ സ്പോണ്‍സര്‍ ഖത്തീഫില്‍ ആണു താമസിച്ചിരുന്നത്. ഷിബുകുമാര്‍ അയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അനുകൂലമായ പ്രതികരണമായിരുന്നില്ല ലഭിച്ചത്. തുടര്‍ന്നു ഷിബുകുമാറിന്റെ സ്പോണ്‍സറായ ഫൈസല്‍ മുബാറക് വഴി സ്പോണ്‍സറുമായി സംസാരിക്കുകയും എക്സിറ്റ് നല്‍കാമെന്നു അയാള്‍ സമ്മതിക്കുകയും ചെയ്തു.

ഷിബുകുമാറിന്റെ നേതൃത്വത്തില്‍ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ മണിക്കുട്ടന്‍, സക്കീര്‍ ഹുസൈന്‍, തങ്കച്ചന്‍ എന്നിവര്‍ ചേര്‍ന്നു പിരിച്ചെടുത്ത രണ്ടായിരം രൂപ കത്തീഫില്‍ പോയി ഇയാദ് അലിയുടെ സ്പോണ്‍സറെ ഏല്‍പ്പിച്ചു എക്സിറ്റ് അടിച്ച പാസ്പോര്‍ട്ട് വാങ്ങി. ബംഗ്ളാദേശിലേക്കുള്ള ടിക്കറ്റും നവയുഗം പ്രവര്‍ത്തകര്‍ നല്‍കി. കഴിഞ്ഞ ദിവസം ഇയാദ് അലിയെ നവയുഗം പ്രവര്‍ത്തകര്‍ നാട്ടിലേക്ക് അയച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം