ഷെയര്‍ ആന്‍ഡ് കെയര്‍ എഡ്യൂ കെയര്‍ പദ്ധതിക്കു രൂപം നല്‍കി
Monday, May 25, 2015 6:43 AM IST
ലിംറിക്: അയര്‍ലന്‍ഡിലെ ലിംറിക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മണ്‍സ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ജീവകാരുണ്യ വിഭാഗമായ ഷെയര്‍ ആന്‍ഡ് കെയര്‍ ലോകത്ത് ദുരിതം അനുഭവിക്കുന്ന അനേകലക്ഷം സഹജീവികളെ ദയാവായ്പയോടെ കണ്ട് അവരുടെ കഷ്ടപ്പാടുകള്‍ക്ക് ഒരു കൈ സഹായം നല്‍കാന്‍ മനസുകാണിക്കുന്ന മലയാളി കൂട്ടായ്മയാണു ഷെയര്‍ ആന്‍ഡ് കെയര്‍.

നിര്‍ധന കുടുംബത്തിലെ ഒരു കുട്ടിയുടെ വിദ്യാഭ്യാസ ചുമതല സംഘടന ഏറ്റെടുത്തുകൊണ്ട് അതുവഴി അവനിലൂടെ കുടുംബത്തിനു ഒരു വരുമാന മാര്‍ഗമുണ്ടാക്കിയെടുക്കുക എന്നതു ലക്ഷ്യമിട്ട് എഡ്യു കെയര്‍ എന്ന പദ്ധതിക്കു സംഘടന രൂപം നല്‍കി. 10 യൂറോ വീതം പ്രതിമാസം 15 അംഗങ്ങള്‍ അടങ്ങുന്ന ഓരോ ഗ്രൂപ്പുകളായി തിരിച്ച് മാസം 150 യൂറോ സമാഹരിക്കുകയും അങ്ങനെ ഒരു വര്‍ഷത്തെ സംഖ്യ കുട്ടി പഠന സഹായം നടത്തുവാനുള്ള പദ്ധതിയാണ് എഡ്യൂ കെയറിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.

ഇന്ത്യയിലും അയര്‍ലന്‍ഡിലും കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രകൃതിദുരന്തങ്ങളാലും മാരകരോഗങ്ങളാലും ദുരിതമനുഭവിക്കുന്ന ഒട്ടേറെപേര്‍ക്ക് സംഘടന സഹായമെത്തിക്കുന്നുണ്ട്.

93ല്‍പരം കുടുംബങ്ങള്‍ ഷെയര്‍ ആന്‍ഡ് കെയറില്‍ അംഗങ്ങളായുണ്ട്. ജാതി-മത വ്യത്യാസമില്ലാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് അംഗങ്ങള്‍ നല്‍കുന്ന മാസവരുമാനമാണ് സംഘടനയുടെ പ്രധാന സാമ്പത്തിക സ്രോതസ്.

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ കഴിയുന്ന ഒരു കുട്ടിക്ക് രണ്ടു ഗഡുക്കളായി ഒരു ലക്ഷം രൂപയും അയര്‍ലന്‍ഡില്‍നിന്നു ചികിത്സാര്‍ഥം നാട്ടില്‍ പോയ ഒരു കുട്ടിക്ക് 1500 യൂറോയും ഷെയര്‍ ആന്‍ഡ് കെയറിലൂടെ നല്‍കി. നേപ്പാള്‍ ദുരന്തത്തിനിരയായവര്‍ക്കു 1300 യൂറോയും അയര്‍ലന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ മരണപ്പെട്ടവരുടെ കുടുംബത്തിനു ആയിരം യൂറോ വീതം അടിയന്തര സഹായവും ഷെയര്‍ ആന്‍ഡ് കെയര്‍ കമ്യൂണിറ്റിയില്‍നിന്നും വേര്‍പെട്ടു പോയവരുടെ കുടുംബാംഗങ്ങള്‍ക്ക് 1500 യൂറോയും അടിയന്തര സഹായം നല്‍കിയിട്ടുണ്ട്.

സംഘടനയുടെ അംഗങ്ങളില്‍നിന്ന് ഇതുവരെയായി 25628.96 യൂറോ സമാഹരിച്ചിട്ടുണ്ട്. ഇതില്‍ 20157.71 യൂറോ ധനസഹായമായി ഇതിനോടകം നല്‍കി കഴിഞ്ഞു.

മാരക രോഗങ്ങള്‍ക്ക് അടിമപ്പെട്ടു കഴിയുന്ന നിരാലംബരായ രോഗികള്‍ക്ക് ഷെയര്‍ ആന്‍ഡ് കെയര്‍ അവരുടെ ചികിത്സച്ചെലവിനു ഒരു വിഹിതം നല്‍കുന്നു. കേരളത്തില്‍ മാരകമായ രോഗം ബാധിച്ച രണ്ടുപേര്‍ക്കു മാസത്തിലൊരിക്കല്‍ പതിനായിരം രൂപവീതം സഹായമെത്തിക്കാനും സംഘടനയ്ക്കു കഴിയുന്നു.