സ്വവര്‍ഗ വിവാഹത്തിന് അയര്‍ലന്‍ഡില്‍ 62 ശതമാനം പേരുടെ പിന്തുണ
Monday, May 25, 2015 6:39 AM IST
ഡബ്ളിന്‍: ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തി സ്വവര്‍ഗ വിവാഹത്തിനു അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി അയര്‍ലന്‍ഡ്. മേയ് 22നു നടന്ന ഹിതപരിശോധനയില്‍ സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് 62 ശതമാനം പേരും എതിര്‍ത്ത് 38 ശതമാനം പേരും വോട്ടുരേഖപ്പെടുത്തി. രാജ്യത്തെ 43 പ്രവിശ്യകളില്‍ റോസ് കോമ്മണ്‍ പ്രവിശ്യ ഒഴികെ എല്ലാം സ്വവര്‍ഗ വിവാഹം ഭരണഘടനാ വിധേയമാക്കുന്നതിനെ അനുകൂലിച്ചു. തലസ്ഥനമായ ഡബ്ളിനില്‍ എഴുപതു ശതമാനത്തിലേറെ പേര്‍ അനുകൂലമായി വോട്ടു രേഖപ്പെടുത്തിയെന്നതും ശ്രദ്ധേയമാണ്.

സ്വവര്‍ഗരതികുറ്റകരമല്ലെന്ന നിയമം 22 വര്‍ഷം മുമ്പേ രാജ്യം അംഗീകരിച്ചിരുന്നതാണ്. ഐറിഷ് സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളുമെല്ലാം സ്വവര്‍ഗ വിവാഹത്തിനു അനുകൂലമായി പ്രചാരണം നടത്തിയിരുന്നു. ഐറിഷ് പൌരത്വം സ്വീകരിച്ച നിരവധി മലയാളികളും ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തി. 'എല്ലാവര്‍ക്കും തുല്യത' എന്ന മുദ്രാവാക്യം ഉയര്‍ത്തിയതിനാല്‍ രാജ്യത്തെ ഭൂരിപക്ഷം വരുന്ന യുവജനങ്ങള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. സമത്വത്തിന്റെ വലിയ സന്ദേശമാണു ഐറിഷ് ജനത പ്രകടമാക്കിയതെന്നു പ്രധാനമന്ത്രി എന്‍ഡാ കെന്നി അഭിപ്രായപ്പെട്ടു.

മറ്റൊരു ഹിതപരിശോധനയില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പ്രായം 21 ആയി കുറയ്ക്കണമെന്നു ഭേദഗതിയില്‍ ഐറിഷ് ജനത എതിര്‍ത്തു വോട്ടു ചെയ്തതു സര്‍ക്കാരിനു പരാജയമായി.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്