ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഹൂസ്റന്‍ നഴ്സസ് ദിനം ആഘോഷിച്ചു
Monday, May 25, 2015 5:13 AM IST
ഹൂസ്റന്‍: ആകര്‍ഷകമായ വിവിധ പരിപാടികളോടെ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഹൂസ്റന്‍, കഴിഞ്ഞ മേയ് മാസം രണ്ടാം തീയതി ഗ്രേയിറ്റര്‍ ഹൂസ്റനിലെ മദ്രാസ് പവിലിയന്‍ ഇന്ത്യന്‍ റസ്ററന്റില്‍ വച്ച് നഴ്സസ് ദിനം ആഘോഷിച്ചു. അഞ്ജലി തൊമ്മി, ഗോഡലി തൊമ്മി എന്നിവര്‍ ദേശീയ ഗാനം ആലപിച്ചു. നഴ്സസ് അസോസിയേഷന്റെ നിലവിലെ പ്രവര്‍ത്തക സമിതി അംഗങ്ങളും മുന്‍ പ്രസിഡന്റുമാരും കത്തിച്ച മെഴുകുതിരിയേന്തി മറിയാമ്മ തോമസിന്റെ നേതൃത്വത്തില്‍ നഴ്സസിന്റെ പൊതുവായ പ്രത്യേക പ്രാര്‍ഥന ഉരുവിട്ടു. സാവിത്രി രാമാനുജത്തിന്റെ നേതൃത്വത്തില്‍ സേവനത്തിന്റെ പ്രതീകമായ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പ്രതിജ്ഞയും എല്ലാവരും ഏറ്റുചൊല്ലി. അസോസിയേഷന്‍ സെക്രട്ടറി ലൌലി എല്ലങ്കയില്‍ സന്നിഹിതരായ ഏവര്‍ക്കും സ്വാഗതമാശംസിച്ചു പ്രസംഗിച്ചു. പ്രസിഡന്റ് സാലി സാമുവല്‍ തന്റെ അധ്യക്ഷപ്രസംഗത്തില്‍ സംഘടനയുടെ എല്ലാ മുന്‍ പ്രസിഡന്റുമാരെയും പ്രവര്‍ത്തകരേയും ആദരിച്ചു സംസാരിക്കുകയുണ്ടായി. ബോസ്റ്റന്‍ സയിന്റിഫിക്സ് കമ്പനിയും, ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്സിറ്റിയും പരിപാടികളുടെ സ്പോണ്‍സര്‍മാരായിരുന്നു.

യോഗത്തില്‍ മിസ് കെല്ലി ഇര്‍വിംഗ്, ഡോക്ടര്‍ ബെര്‍ഗ് സ്റോം എന്നിവര്‍ പ്രഭാഷകരായിരുന്നു. പ്രസംഗം അതീവ വിജ്ഞാനപ്രദവും സരസവും സരളവുമായിരുന്നു. തുടര്‍ന്ന് നഴ്സിംഗ് പ്രൊഫഷണല്‍ മേഖലയില്‍ മികവു പുലര്‍ത്തിയവര്‍ക്ക് അംഗീകാരത്തിന്റേയും പ്രശംസയുടെയും ചിഹ്നങ്ങളായ അവാര്‍ഡുകള്‍ നല്‍കുകയുണ്ടായി. ഹൂസ്റനിലും നാട്ടിലുമുള്ള അര്‍ഹരായ നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ് ഫണ്ടും, കമ്മറ്റി ചെയര്‍പേഴ്സന്‍ മേരി തോമസ് യോഗത്തില്‍ വച്ചു നല്‍കി. വിവിധ കലാപരിപാടികള്‍ ഏവരുടെയും പ്രശംസയ്ക്കു പാത്രീഭവിച്ചു. എല്‍സി ഷാജി എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി സംസാരിച്ചു. റീതു ലൂക്കോസ,് ഷാജി വര്‍ഗീസ് എന്നിവര്‍ പരിപാടികളുടെ അവതാരകരായിരുന്നു. 2015ലെ നഴ്സസ് ദിനാഘോഷങ്ങള്‍ എന്തുകൊണ്ടും അവിസ്മരണീയമായി തീര്‍ന്നു.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്