മൈസൂരുവില്‍ മാമ്പഴ, ചക്കപ്പഴ മേള 21 മുതല്‍
Saturday, May 23, 2015 9:29 AM IST
മൈസൂരു: ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാമ്പഴ, ചക്കപ്പഴ മേള മേയ് 21 മുതല്‍ മൈസൂരുവില്‍ നടക്കും. മൈസൂരു പാലസിനു സമീപമുള്ള കര്‍സോണ്‍ പാര്‍ക്കിലാണ് മേള. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പൂര്‍ണമായും ജൈവമാര്‍ഗത്തില്‍ വിളയിച്ചെടുത്ത മാമ്പഴവും ചക്കയുമാണ് നൂറോളം സ്റ്റാളുകളിലായി ഒരുക്കുന്നത്.

കര്‍ണാടകത്തിന്റെ തനത് മാമ്പഴ ഇനങ്ങളായ മല്‍ഗോവ, അല്‍ഫോണ്‍സോ, രസപ്പൂരി, സിന്ദൂര, മല്ലിഗ തുടങ്ങി പതിനഞ്ചോളം വ്യത്യസ്ത ഇനങ്ങളിലുള്ള മാമ്പഴങ്ങളാണ് മേളയില്‍ എത്തിക്കുന്നത്. പഴങ്ങളുടെ ഗുണമേന്മ പരിശോധിച്ചതിനു ശേഷം മാത്രമേ മേളയില്‍ വില്പനയ്ക്കു വയ്ക്കുകയുള്ളൂ എന്ന് ഹോര്‍ട്ടികള്‍ച്ചര്‍ അധികൃതര്‍ അറിയിച്ചു. ഫലങ്ങള്‍ക്കൊപ്പം ജൈവകൃഷിരീതിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്ന സ്റാളുകളും മേളയില്‍ ഒരുക്കുന്നുണ്ട്.