'ഇന്ത്യന്‍ ഐക്കണ്‍ 2015' പുരസ്കാരം പി. വിജയന്‍ ഐപിഎസിനു സമ്മാനിച്ചു
Saturday, May 23, 2015 7:31 AM IST
മനാമ: ഇന്ത്യന്‍ ക്ളബ്ബില്‍ നടന്ന ഇടവസന്ധ്യ എന്ന പരിപാടിയില്‍ 'ഇന്ത്യന്‍ ഐക്കണ്‍ 2015' പുരസ്കാരം പി. വിജയന്‍ ഐപിഎസിനു സമ്മാനിച്ചു.

മുന്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ ഏബ്രഹാം ജോണ്‍ ആണ് പ്രഥമ പുരസ്കാരം സമ്മാനിച്ചത്. പി. വിജയന്‍ നടത്തിയ നന്ദി പ്രസംഗം തികച്ചും വിജ്ഞാനപ്രദം ആയിരുന്നു.

തുടര്‍ന്നു നടന്ന ഇടവക സന്ധയില്‍ തിങ്ങി നിറഞ്ഞ സദസില്‍ ഏഴോളം കലാകാരന്മാര്‍ അവതരിപ്പിച്ച കലാവിരുന്നു തികച്ചും ഹൃദ്യമായിരുന്നു. കലാഭവന്‍ സുധിയും അനിയപ്പനും അവതരിപ്പിച്ച ഹാസ്യ വിരുന്നും നജീം അര്‍ഷാദ്, സംഗീത, ശ്രേയ, പ്രസീത, കബീര്‍ തുടങ്ങിയര്‍ അവതരിപ്പിച്ച ഗാനങ്ങളും നിറഞ്ഞ കരഘോഷങ്ങളോടെയാണ് ജനങ്ങള്‍ എതിരേറ്റത്. പ്രസീത ചാലക്കുടിയുടെ ഒപ്പം ആടിയും പാടിയുമാണ് നാടന്‍ പാട്ടുകള്‍ ഏവരും ആസ്വദിച്ചത്.

ഒരു മുന്നറിയിപ്പും കൂടാതെ പെട്ടെന്നു വേദി നിഷേധിച്ചത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയതെന്ന് സംഘാടകരും ഒപ്പംതന്നെ കലാകാരന്മാരും പറഞ്ഞു.

ഇടവ സന്ധ്യ വന്‍ വിജയം ആക്കി തീര്‍ക്കാന്‍ സഹകരിച്ച മുഴുവന്‍ ആളുകള്‍ക്കും പ്രോഗ്രാം ഡയറക്ടര്‍ എഫ്.എം. ഫൈസല്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ. ജഗത് കൃഷ്ണകുമാര്‍