ഫീസ് വര്‍ധനവു പിന്‍വലിക്കണം: നവോദയ മക്ക ഏരിയ കമ്മിറ്റി
Saturday, May 23, 2015 7:30 AM IST
മക്ക: ജിദ്ദ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ ജൂണ്‍ മുതല്‍ നിലവില്‍ വരുന്ന ഫീസ് വര്‍ധനവു പിന്‍വലിക്കണമെന്ന് നവോദയ മക്ക ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

അധ്യപകരുടെയും അനധ്യാപകരുടെയും ശമ്പള വര്‍ധനവു മൂലം ഉണ്ടാകാന്‍ ഇടയുള്ള അധിക സമ്പാത്തിക ബാധ്യത മുഴുവന്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ രക്ഷിതാക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാനുള്ള ഹയര്‍ ബോര്‍ഡ് തീരുമാനം പ്രതിഷേധാര്‍ഹമാണ്.

50 മുതല്‍ 75 റിയാല്‍ വരെ ഓരോ കുട്ടിക്കും സ്കൂള്‍ ഫീസിനത്തില്‍ വര്‍ധനവു വരുന്നതിനോടപ്പം ബസ് ഫീസ് വര്‍ധനവും മക്കയില്‍ നിന്നടക്കം വിദൂര പ്രദേശങ്ങളില്‍ നിന്നും പോയി പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്നുണ്ടങ്കില്‍ ഇതു വലിയ സാമ്പത്തിക ബാധ്യതയാണ്. വളരെയേറെ ബുദ്ധിമുട്ടിയാണ് മക്കയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ജിദ്ദയില്‍ പഠിക്കാന്‍ പോകുന്നത്. രാവിലെ അഞ്ചിനു പോകുന്ന കുട്ടികള്‍ വൈകുന്നേരം നാലിനാണ് മടങ്ങിവരുന്നത്. മക്കത്ത് ഹറം പരിധിക്കുള്ളില്‍ സ്കൂള്‍ തുടങ്ങാനുള്ള നിയമപരമായ തടസങ്ങള്‍ ഉള്ളതു കാരണം ബഹറയില്‍ ഇന്ത്യന്‍ സ്കൂള്‍ തുടങുവാനുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ജിദ്ദ ഇന്ത്യന്‍ സ്കൂള്‍ മനേജിംഗ് കമ്മിറ്റിയുടെയും ഭാഗത്തുനിന്നും ഉള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും സാധാരണക്കാരായ രക്ഷകര്‍ത്താക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന ഇന്ത്യന്‍ സ്കൂളിലെ ഫീസ് വര്‍ധനവ് അടിയന്തരമായി പിന്‍വലിക്കണമെന്നും നവോദയ മക്ക ഏരിയ കമ്മിറ്റി പ്രസിഡന്റ പി.കെ.മൊയ്തീന്‍ കോയ പൂതിയങ്ങാടിയും സെക്രട്ടറി കെ.എച്ച്. ഷിജു പന്തളവും ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍