റഫറണ്ടം; മലയാളത്തിന്റെ നേതൃത്വത്തില്‍ സംവാദം സംഘടിപ്പിച്ചു
Friday, May 22, 2015 5:07 AM IST
ഡബ്ളിന്‍: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണോ, വേണ്ടയോ എന്ന വിഷയത്തില്‍ അയര്‍ലന്‍ഡില്‍ നടക്കുന്ന റഫറണ്ടത്തെ ആസ്പദമാക്കി അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ മലയാളത്തിന്റെ നേതൃത്വത്തില്‍ സംവാദം സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ മേയ് 15-നു ബ്രേയിലുള്ള വില്‍ട്ടന്‍ ഹോട്ടലില്‍ വച്ചാണ് സംവാദം സംഘടിപ്പിച്ചത്. റഫറണ്ടത്തിന്റെ ഇരുപക്ഷത്തും നിലയുറപ്പിച്ചിരിക്കുന്ന പ്രവാസി മലയാളികള്‍ക്ക് തങ്ങളുടെ വാദഗതികള്‍ ഉന്നയിക്കാനും പരസ്പരം സംവദിക്കാനുമായി ഒരു വേദി ഒരുക്കുകയാണ് മലയാളം ചെയ്തത്. സ്ത്രീയും പുരുഷനും തമ്മില്‍ മാത്രം നിലനില്‍ക്കുന്ന വിവാഹം എന്ന ഉടമ്പടി സമാനലിംഗത്തില്‍പ്പെട്ട രണ്ടു വ്യക്തികള്‍ തമ്മില്‍ സാധ്യമാകുമോ എന്നതായിരുന്നു പ്രധാന തര്‍ക്കവിഷയം.

ഒരേ ലിംഗത്തില്‍പെട്ട രണ്ടു വ്യക്തികള്‍ തമ്മിലുള്ള വിവാഹം പ്രകൃതിനിയമങ്ങള്‍ക്കുവിരുദ്ധമാണന്നും, പുതിയ തലമുറയെ തെറ്റായ ജീവിതരീതികളിലേക്കു നയിക്കുമെന്നും 'നോ' പക്ഷക്കാര്‍ അഭിപ്രായപ്പെട്ടു. ജീവജാലങ്ങളുടെ നിലനില്പിന് ആധാരമായ പ്രത്യുത്പാദനവ്യവസ്ഥയെ തകിടം മറിക്കുന്ന ഇത്തരത്തിലുള്ള ബന്ധങ്ങളെ ഒരു കാരണവശാലും അനുകൂലിക്കാന്‍ സാദ്ധ്യമല്ലെന്നും 'നോ' പക്ഷത്തുള്ളവര്‍ ഒന്നടങ്കം വാദിച്ചു.

ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനെപ്പോലെ ജീവിക്കാനുള്ള അവകാശമുണ്െടന്നായിരുന്നു 'യെസ്' പക്ഷക്കാരുടെ വാദം. സമാനലിംഗത്തിലുള്ള രണ്ടു വ്യക്തികള്‍ തമ്മിലുള്ള വിവാഹബന്ധം മറ്റു പല രാജ്യങ്ങളിലും നിലവില്‍ വന്നതാണന്നും, അവിടുത്തെ സാമൂഹികബന്ധങ്ങള്‍ക്ക് ഇതുമൂലം യാതൊരു കോട്ടവും സംഭവിച്ചില്ല എന്നും യെസ് പക്ഷക്കാര്‍ എതിര്‍വാദം ഉന്നയിച്ചു. ഇത്തരം ബന്ധങ്ങളെ വൈകല്യമായി കണക്കാക്കുന്ന സമൂഹമനഃസാക്ഷിക്ക് മാറ്റം വരണമെന്നും യെസ്പക്ഷം അഭിപ്രായപ്പെട്ടു.

അയര്‍ലന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍നിന്നും നിരവധിയാളുകള്‍ സംവാദത്തില്‍ പങ്കുചേര്‍ന്നു. അലക്സ് ജേക്കബ്, വിനു കെ നാരായണന്‍ എന്നിവര്‍ സംവാദത്തിന്റെ മോഡറേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. സെക്രട്ടറി ബിപിന്‍ ചന്ദ് സംവാദത്തില്‍ പങ്കെടുത്തവര്‍ക്കു നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍