റിയാദില്‍ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലയയ്ക്കും
Friday, May 22, 2015 5:06 AM IST
റിയാദ്: രണ്ടാഴ്ച മുന്‍പ് റിയാദിലെ നസീമില്‍ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ട കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശി കരിമ്പിന്‍കാട്ട് തെക്കേതില്‍ വീട്ടില്‍ പ്രസന്നന്‍ നാണു (57) വിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലയക്കുമെന്ന് ഇതിനായി രംഗത്തുള്ള നവോദയ റിയാദ് പ്രവര്‍ത്തകരായ ബാബുജി, വിക്രമലാല്‍ എന്നിവര്‍ അറിയിച്ചു.

ഒരു വര്‍ഷത്തിലധികമായി മലയാളി ഉടമസ്ഥതയിലുള്ള സെക്യൂരിറ്റി ക്യാമറകളുടെ സ്ഥാപനത്തില്‍ ലേബറായി ജോലി ചെയ്തുവരികയായിരുന്നു പ്രസന്നന്‍. രാവിലെ ജോലിക്ക് ഹാജരാകാതിരുന്നതിനാല്‍ സഹപ്രവര്‍ത്തകര്‍ റൂമില്‍ അന്വേഷിച്ചു വന്നപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്െടത്തിയത്. ഒന്നര വര്‍ഷം മുന്‍പ് പുതിയ വീസയില്‍ സൌദിയിലെത്തിയ പ്രസന്നന്‍ നാട്ടിലെ കടബാധ്യത കാരണമാണു ജീവൊടുക്കിയതെന്ന്ു കരുതുന്നു. മുന്‍പ് 20 വര്‍ഷത്തോളം സൌദിയില്‍ ഹൌസ് ഡ്രൈവറായി ജോലി നോക്കിയിട്ടുള്ള പ്രസന്നന്‍ പ്രവാസജീവിതം അവസാനിപ്പിച്ചു പോയ ശേഷം കടബാധ്യതകള്‍ മൂലം വീണ്ടും പുതിയ വിസയിലെത്തിയതായിരുന്നു.

ഭാര്യ ഗീതാഞ്ജലിയും ബാസ്കറ്റ്ബോള്‍ താരങ്ങളായ കുട്ടികളുമടങ്ങുന്നതാണ് കുടുംബം.
റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണു മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടമടക്കമുള്ള മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും ശനിയാഴ്ച മൃതദേഹം നാട്ടിലയക്കുമെന്നും നവോദയ പ്രവര്‍ത്തകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍