ഇന്ത്യന്‍ സമൂഹം കേവലാര്‍ തീര്‍ഥാടനം നടത്തി
Thursday, May 21, 2015 8:11 AM IST
കൊളോണ്‍: കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും സംഘടിപ്പിക്കുന്ന കേവലാര്‍ തീര്‍ഥാടനം ഈ വര്‍ഷത്തെ സ്വര്‍ഗാരോഹണ ദിനമായ മേയ് 14നു നടത്തി.

രാവിലെ ഒമ്പതിനു കൊളോണ്‍ മ്യൂള്‍ഹൈമില്‍നിന്നു പ്രത്യേകം ബസിലാണു സംഘം മധ്യജര്‍മനിയിലെ പ്രശസ്തമായ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ കേവലാറിലേക്കു യാത്രയായത്.

കേവലാറിലെത്തിയ സംഘം 11.15നു മരിയ റാണി കപ്പേളയില്‍ ആഘോഷമായ ദിവ്യബലിയില്‍ പങ്കുകൊണ്ടു. ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, കേരളത്തില്‍നിന്നു യൂറോപ്പ് സന്ദര്‍ശനത്തിനെത്തിയ ചങ്ങനാശേരി അതിരൂപതയിലെ മുണ്ടത്താനം ഇടവക വികാരി ഫാ. ടോണി ചെത്തിപ്പുഴ, തൃശൂര്‍ സ്വദേശിയായ ഫാ. ജോണ്‍സണ്‍ ഊക്കന്‍ എന്നിവര്‍ ദിവ്യബലിയില്‍ കാര്‍മികരായി. ഫാ. ടോണി വചനപ്രഘോഷണം നടത്തി. ഇന്ത്യന്‍ കമ്യൂണിറ്റി യൂത്ത് കൊയര്‍ ഗാനങ്ങള്‍ ആലപിച്ചു.

ഉച്ചവിശ്രമത്തിനു ശേഷം മൂന്നിനു മെഴുകുതിരി കപ്പേളയില്‍ ഒത്തുകൂടി പരിശുദ്ധ മാതാവിന്റെ നിറവിനായുള്ള പ്രാര്‍ഥനകളും വചനചിന്തകളും പങ്കുവച്ചു. പ്രാര്‍ഥനകള്‍ക്കു ഫാ. ഇഗ്നേഷ്യസ് നേതൃത്വം നല്‍കി. കാപ്പിയും ലഘുഭക്ഷണത്തെയും തുടര്‍ന്നു വൈകുന്നേരം നാലരയോടുകൂടി പരിപാടികള്‍ സമാപിച്ചു. കൊളോണില്‍നിന്നുള്ള ബസ് യാത്രികരെ കൂടാതെ ജര്‍മനിയുടെ നിരവധി ഭാഗങ്ങളില്‍നിന്നും കമ്യൂണിറ്റിയിലെ ധാരാളം പേര്‍ കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കേവലാറില്‍ എത്തിയിരുന്നു. കമ്യൂണിറ്റി കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവിസ് വടക്കുംചേരി, കമ്മിറ്റിയംഗങ്ങളായ ഷീബ കല്ലറയ്ക്കല്‍, ബേബി നെടുംകല്ലേല്‍ എന്നിവര്‍ തീര്‍ഥാടനത്തിനു സഹായങ്ങള്‍ ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍