ഫ്ളോറിഡയില്‍ ഇന്ത്യന്‍ ക്ളാര്‍ക്ക് മാനവ് ദേശായി വെടിയേറ്റു മരിച്ചു; പ്രതി പിടിയില്‍
Thursday, May 21, 2015 5:35 AM IST
ഫ്ളോറിഡ: സെന്റ് അഗസ്റ്യാനിലുളള കണ്‍വീനിയന്‍സ് സ്റോറില്‍ ഇന്ത്യന്‍ വംശജനായ മാനവ് ദേശായി (30) മേയ് 19നു വൈകുന്നേരം 16 വയസുകാരനായ അക്രമിയുടെ വെടിയേറ്റു മരിച്ചു.

ഒരു മാസത്തിനുള്ളില്‍ വെടിയേറ്റു മരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണിത്. സഞ്ജയ് പട്ടേല്‍ (39) കഴിഞ്ഞ ഏപ്രിലിലാണു കണക്ടിക്കട്ടില്‍ മുഖം മൂടിയുടെ വെടിയേറ്റു മരിച്ചത്.

നോര്‍ത്ത് കരോളിനായില്‍നിന്ന് അടുത്തിടെയാണു മാനവ് ദേശായി ഫ്ളോറിഡയിലെ സെന്റ് അഗസ്റ്യാനിലേക്കുതാമസം മാറ്റിയത്.

രണ്ടുമാസം മുമ്പാണു മാനവ് കണ്‍വീനിയന്‍സ് സ്റോറില്‍ ജോലിക്കു ചേര്‍ന്നത്. ചൊവ്വാഴ്ച വൈകുന്നേരം മുഖം തൂവാലകൊണ്ട് മറച്ച് രണ്ടു യുവാക്കള്‍ കടയില്‍ അതിക്രമിച്ചു കടന്നു. അവിടെ ഉണ്ടായിരുന്നവരോടു നിലത്തു കിടക്കാന്‍ ആജ്ഞാപിച്ചതിനുശേഷം സ്റോര്‍ ക്ളാര്‍ക്ക് മാനവിനോടു പണം നല്‍കുവാന്‍ ആവശ്യപ്പെട്ടു. പണം വാങ്ങിയശേഷം മാനവിന്റെ മുഖത്തേക്കു നിറയൊഴിക്കുകയായിരുന്നു. മാനവ് സംഭവ സ്ഥലത്തുതന്നെ മരിച്ചു.

സംഭവ സമയത്ത് കടയിലുണ്ടായിരുന്ന ഒരാള്‍ 911 നമ്പരില്‍ പോലീസിനെ വിളിച്ചു. പോലീസ് എത്തുന്നതിനുമുമ്പ് ജീപ്പില്‍ രക്ഷപ്പെട്ട പ്രതികളായ സെര്‍ജിയോ മോര്‍ഗന്‍ (15) ജെറോം റോബിന്‍സണ്‍ (16) എന്നിവരെ പോലീസ് പിന്തുടര്‍ന്നു കീഴ്പ്പെടുത്തുകയായിരുന്നു. മാനവിനെ വെടിവച്ചത് റോബിന്‍സണ്‍ ആണെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു.

വിവാഹത്തിനു തയാറെടുക്കുന്നതിനിടയിലാണു മാനവ് വെടിയേറ്റു മരിച്ചത്. മാനവിന്റെ പ്രതിശ്രുത വധുവും ഈ കടയിലെ ജീവനക്കാരിയായിരുന്നു.

ഇന്ത്യന്‍ വംശജര്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങളില്‍ പ്രവാസിസമൂഹം അങ്ങേയറ്റം ആശങ്കയിലാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍