ഫിലാഡല്‍ഫിയായില്‍ പ്രൈമറി ഇലക്ഷനില്‍ ജിം കെന്നിക്കു വന്‍ വിജയം
Thursday, May 21, 2015 5:34 AM IST
ഫിലാഡല്‍ഫിയ: സാഹോദരീയ നഗരത്തിന്റെ പിതാവിനെ കണ്ടുപിടിക്കാന്‍ മേയ് 19നു പ്രൈമറിയില്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ മലയാളി കമ്യൂണിറ്റിയുടെ ഉത്തമ സുഹൃത്തായ ജിം കെന്നിക്കു വിജയം.

കാല്‍ നൂറ്റാണ്േടാളം സിറ്റി കൌണ്‍സിലംഗമായി സ്തുത്യര്‍ഹ സേവനം നടത്തുകയും ഫിലാഡല്‍ഫിയ മറ്റു പ്രമുഖ നഗരങ്ങളോടു കിടപിടിക്കത്തക്ക രീതിയില്‍ വളര്‍ത്തിയെടുക്കണമെന്നുളള പദ്ധതികളുമായി തെരഞ്ഞെടുപ്പിനെ നേരിടുകയും പ്രത്യേകിച്ച് ഇമിഗ്രന്റ് കമ്യൂണിറ്റിയുടെ വളര്‍ച്ചയില്‍ ശ്രദ്ധചെലുത്തുകയും ചെയ്യുന്ന വ്യക്തിത്വത്തിനുടമയുമാണു ജിം.

മലയാളി കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ മേയ് എട്ടു നടത്തിയ കമ്യൂണിറ്റി മീറ്റിംഗില്‍ പങ്കെടുക്കുകയും തന്റേതായ നയങ്ങള്‍ വ്യക്തമാക്കുകയും അതിലുപരി ധാരാളം മലയാളികള്‍ സംബന്ധിക്കുകയും അവരുടെ പിന്തുണ തദവസരത്തില്‍ അറിയിക്കുകയും ചെയ്തു.

അമേരിക്കയിലെ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ മുഖ്യധാരയില്‍ മലയാളി കമ്യൂണിറ്റി പ്രവര്‍ത്തിക്കണമെന്നും അതിലൂടെ മാത്രമേ ഈ രാജ്യത്ത് നമ്മുടെതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും നാം മനസിലാക്കേണ്ടുന്ന സമയം ആസന്നമായിരിക്കുകയാണ്. ഇതിനു ഏറ്റവും ഉചിത സമയം തെരഞ്ഞെടുപ്പിന്റെ കാലഘട്ടങ്ങളാണെന്നും കൂടുതല്‍ അടുത്തിടപെടണമെന്നും അമേരിക്കന്‍ പൌരത്വം ബന്ധുമിത്രാദികളെ കൊണ്ടുവരാന്‍ മാത്രം ഉപയോഗിക്കാതെ വോട്ട് രേഖപ്പെടുത്തിയുളള പൌരാവകാശം ബോധ്യപ്പെടുത്തണമെന്നും അതിലൂടെ കമ്യൂണിറ്റിയുടെ അവകാശങ്ങള്‍ നേടിയെടുക്കണമെന്നും അതിലുപരി വരും തലമുറയ്ക്ക് അതു കൂടുതല്‍ പ്രയോജനപ്പെടുകയും ചെയ്യും.

ജിം കെന്നിയുടെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം നടത്തിയ കമ്യൂണിറ്റി മീറ്റിംഗ് നടത്തുവാനും അദ്ദേഹത്തിനുവേണ്ടി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാനുമായി ജീമോന്‍ ജോര്‍ജ്, മാത്യു തരകന്‍, സന്തോഷ് ഏബ്രഹാം, ജ്യോതി വര്‍ഗീസ്, മനോജ് ജോസ്, ബെന്‍സണ്‍ വര്‍ഗീസ്, സജീവ് ശങ്കരത്തില്‍, ജോബി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രമുഖ വ്യക്തികള്‍ പ്രവര്‍ത്തിക്കുകയും പ്രൈമറിയിലെ വിജയാഘോഷത്തിലും ധാരാളം ആളുകള്‍ പങ്കെടുത്തു.