അല്‍ ഖസ്റയിലെ അപടകത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്റെ നില ഗുരുതരം
Thursday, May 21, 2015 4:51 AM IST
റിയാദ് : തലസ്ഥാനത്തുനിന്നു 400 കിലോമീറ്റര്‍ അകലെ അല്‍ ഖസ്റയില്‍ ചൊവ്വാഴ്ച ഒരു മലയാളിയുടേയും ഈജിപ്തുകാരന്റെയും മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യു.പി സ്വദേശിയുടേയും ബംഗ്ളാദേശുകാരന്റെയും നില ഗുരുതരമായി തുടരുന്നു. യു.പി സദേശി വെന്റിലേറ്ററിലാണ്. ഈ അപകടത്തില്‍ ദമാമിലെ ഒരു പെയിന്റിംഗ് കമ്പനിയില്‍ മലപ്പുറം പെരിന്തല്‍മണ്ണ താഴേക്കോട് സ്വദേശി ജാഫര്‍ (30) മരണപ്പെട്ടിരുന്നു.

അതിനിടെ മരിച്ച കോഴിക്കോട് രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി മുഹമ്മദ് അഷ്റഫിന്റെ ഭാര്യ ഷെഫ്രീന (35)യുടെ മൃതദേഹം അല്‍ ഖുവയ്യ ഖബറിസ്ഥാനില്‍ ബുധനാഴ്ച മഗ്രിബ് നമസ്കാരാനന്തരം മറവ് ചെയ്തു. അപകടത്തില്‍ പരിക്കേറ്റ മുഹമ്മദ് അഷ്റഫും മക്കളായ നവാര്‍ (15) അഹമദ് (13) നൌറ (2) എന്നിവരും അല്‍ ഖസ്റ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത് റിയാദിലേക്കു പോന്നു.
ദമാമില്‍ പ്ളംബിംഗ്, ഇലക്ട്രിക്കല്‍ കട നടത്തുന്ന മുഹമ്മദ് അഷ്റഫ് കുടുംബത്തോടൊപ്പം ചൊവ്വാഴ്ച പുലര്‍ച്ചെ സുബ്ഹി നമസ്കാരാനന്തരമാണു ദമാമില്‍നിന്നു പുറപ്പെട്ടത്. അഷ്റഫാണു കാറോടിച്ചിരുന്നത്. ഒരു ട്രക്ക് അപ്രതീക്ഷിതമായി ട്രാക്ക് മാറി വന്നപ്പോള്‍ ആശയക്കുഴപ്പത്തിലായ അഷ്റഫിന് നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ കരണം മറിയുകയായിരുന്നു. ഷെഫ്രീന സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. മുഹമ്മദ് അഷ്റഫ് എട്ടു മാസം മുന്‍പാണ് ദമാമിലെത്തിയത്. കുടുംബം സന്ദര്‍ശക വിസയിലാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍