'പത്തേമാരി ദി ജേര്‍ണി ഓഫ് സര്‍വൈവല്‍' സിനിമയുടെ ഇന്റര്‍നാഷണല്‍ ട്രെയിലര്‍ പുറത്തിറക്കി
Wednesday, May 20, 2015 8:24 AM IST
കാന്‍സ്: അന്താരാഷ്ട്ര കാന്‍ ചലച്ചിത്ര മേളയില്‍ മലയാളിയായ സലിം അഹമ്മദ് സംവിധാനം ചെയ്ത 'പത്തേമാരി ദി ജേര്‍ണി ഓഫ് സര്‍വൈവല്‍' സിനിമയുടെ ഇന്റര്‍നാഷണല്‍ ട്രെയിലര്‍ അറുപത്തിയെട്ടാമതു അന്താരാഷ്ട്ര കാന്‍ ചലച്ചിത്ര മേളയില്‍ പുറത്തിറക്കി.

കന്നി സംരംഭമായ 'ആദാമിന്റെ മകന്‍ അബു' എന്ന മലയാള ചിത്രത്തിലൂടെ ദേശീയ അവാര്‍ഡും ഓസ്കാര്‍ നോമിനേഷനും ലഭിച്ച സംവിധായകനാണു സലിം അഹമ്മദ്.

ഓണം റിലീസായി കേരളത്തിലും പുറത്തിറങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം ശ്രീനിവാസന്‍, സിദ്ദിഖ്, ജോയി മാത്യു, സലിം കുമാര്‍ എന്നിവര്‍ അഭിനയിക്കുന്നു. മലയാളികളുടെ ഗള്‍ഫ് കുടിയേറ്റത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ 1965 മുതലുള്ള വ്യത്യസ്ത നാലു കാലഘട്ടങ്ങളിലുള്ള സാമൂഹ്യ പശ്ചാത്തലത്തലങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. മധു അമ്പാട്ട്, റസൂല്‍ പൂക്കുട്ടി, പട്ടണം റഷീദ്, റഫീക്ക് അഹമ്മദ്, ബിജിബാല്‍ തുടങ്ങിയ പ്രമുഖ അണിയറ പ്രവര്‍ത്തകര്‍ ഒത്തു ചേരുന്ന ഈ ബിഗ് ബജറ്റ് ചിത്രം പ്രവാസികളായ അഡ്വ. ഹാഷിക്, ടി.പി. സുധീഷ് എന്നിവരുടെ സഹകരണത്തോടെ സലിം അഹമ്മദിന്റെ നിര്‍മാണക്കമ്പനിയായ അലന്‍സ് മീഡിയയാണ് നിര്‍മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഓഗസ്റില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ലുഗാനോ ഫിലിം ഫെസ്റിവലില്‍ നടത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സംവിധായകന്‍ സലിം അഹമ്മദ് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍