ജര്‍മന്‍ പാര്‍ലമെന്റില്‍നിന്നു വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം
Wednesday, May 20, 2015 8:23 AM IST
ബര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്റിലെ കംപ്യൂട്ടര്‍ശൃംഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമം. ഹാക്കര്‍മാരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. പാര്‍ലമെന്റിലെ രേഖകള്‍ ചോര്‍ത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണു അനുമാനം.

പാര്‍ലമെന്റിലെ ആഭ്യന്തര ശൃംഖലയില്‍ നുഴഞ്ഞുകയറാനുള്ള ശ്രമം ഏതാനും ദിവസംമുമ്പാണ് ഇവിടത്തെ ഒരു ഐടി വിദഗ്ധന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതു ഗുരുതരമാണെന്നു വൈകാതെ സ്ഥിരീകരിക്കുകയും ചെയ്തു. നിര്‍ണായക രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ഏതെങ്കിലും കംപ്യൂട്ടറില്‍ നുഴഞ്ഞുകയറാന്‍ ഹാക്കര്‍മാര്‍ക്കു സാധിച്ചിട്ടുണ്ടോ എന്ന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല.

വെള്ളിയാഴ്ച രാവിലെതന്നെ എംപിമാര്‍ക്ക് ഇതേക്കുറിച്ച് അധികൃതര്‍ വിവരം നല്‍കിയിരുന്നു. അന്നു ഉച്ചകഴിഞ്ഞ് കംപ്യൂട്ടറുകള്‍ പരിശോധനയ്ക്കായി ഷട്ട്ഡൌണ്‍ ചെയ്യുകയുണ്ടായി. എന്നാല്‍, ഇപ്പോഴാണ് ഇതേക്കുറിച്ചുള്ള വിവരം പുറത്തുവിടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍