ഓസ്ട്രിയയില്‍ 45 ലക്ഷം പേര്‍ മൊബൈലില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു
Wednesday, May 20, 2015 7:25 AM IST
വിയന്ന: ഓസ്ട്രിയയില്‍ ജനസംഖ്യയുടെ പകുതിയിലധികം മൊബൈല്‍ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ മെസേജ് അയയ്ക്കുന്ന കാര്യത്തില്‍ രാജ്യത്തെ മൊബൈല്‍ഫോണ്‍ ഉപഭോക്താക്കള്‍ വളരെ പിന്നോക്കവും.

ഓസ്ട്രിയയില്‍ പോയവര്‍ഷം 1,30,20,000 സിം കാര്‍ഡുകള്‍ വിറ്റുപോയി. സ്മാര്‍ട്ട്ഫോണോ ടാബ്ളറ്റോ ഇല്ലാത്ത ഓസ്ട്രിയക്കാര്‍ ഇല്ലെന്നു വ്യക്തം. 2014ന്റെ അവസാനത്തോടുകൂടി 45,00,000 ബ്രൈറ്റ്ബാന്‍ഡ് കാര്‍ഡുകള്‍ വിറ്റഴിച്ചു. എന്നാല്‍, 2012 ല്‍ ഇതു 34,00,000 മാത്രമായിരുന്നു.

കഴിഞ്ഞവര്‍ഷം രാജ്യത്താകമാനം 181.71 മില്യന്‍ ബൈറ്റ് ഇന്റര്‍നെറ്റ് ഉപയോഗിക്കപ്പെട്ടു. 2013 ല്‍ 113.61 മില്യന്‍ ജിഗാ ബൈറ്റ് മാത്രമായിരുന്നു. ഇതൊക്കെയാണെങ്കിലും മെസേജിന്റെ കാര്യത്തില്‍ രാജ്യത്തെ സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കള്‍ പിന്നോക്കംപോയി.

മെസേജുകളുടെ എണ്ണം 2012ല്‍ 8.4 ബില്യനായിരുന്നത് 2013ല്‍ 6.4 ബില്യനായും 2014ല്‍ 4.6 ബില്യനായും കുറഞ്ഞു. മൊബൈല്‍ കമ്പനികളുടെ വില്ലനായി അവതരിച്ചത് വാട്സ്ആപ്പും കൂടാതെ പോയവര്‍ഷം 21.7 ബില്യന്‍ മിനിറ്റ് മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ ഫോണില്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍