പലസ്തീന്‍ പ്രസിഡന്റ് സമാധാനത്തിന്റെ മാലാഖ: ഫ്രാന്‍സിസ് മാര്‍പാപ്പ
Tuesday, May 19, 2015 8:21 AM IST
വത്തിക്കാന്‍സിറ്റി: പലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസ് സമാധാനത്തിന്റെ മാലാഖയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെത്തിയ അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു മാര്‍പാപ്പയുടെ അഭിപ്രായപ്രകടനം.

സ്വകാര്യ ചടങ്ങില്‍ ഇരുപതു മിനിറ്റോളം അബ്ബാസും മാര്‍പാപ്പയും ചര്‍ച്ച നടത്തി. പലസ്തീനില്‍നിന്നുള്ള രണ്ടു കന്യാസ്ത്രീകളെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങിനു മുന്നോടിയായാണു കൂടിക്കാഴ്ച നടത്തിയത്.

അബ്ബാസും മാര്‍പാപ്പയും തമ്മില്‍ നടന്ന ചര്‍ച്ചില്‍ ഇസ്രയേലുമായുള്ള സമാധാന ചര്‍ച്ചകളുടെ വിശദാംശങ്ങളും മധ്യപൂര്‍വേഷ്യയിലെ മറ്റു സംഘര്‍ഷങ്ങളും ചര്‍ച്ചാവിഷയമായതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

സമാധാനമാലാഖയുടെ ചിത്രമുള്ള മെഡലാണു മാര്‍പാപ്പ അബ്ബാസിനു സമ്മാനിച്ചത്. പലസ്തീനുമായി ആദ്യ കരാര്‍ ഒപ്പിടുന്ന വിവരം വത്തിക്കാന്‍ പ്രഖ്യാപിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍