ഇന്റര്‍നാഷനല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങ് മേയ് 22ന്
Tuesday, May 19, 2015 8:07 AM IST
ഡാളസ്: ഇന്റര്‍നാഷനല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിന്റെ ബിരുദദാന ചടങ്ങുകള്‍ മേയ് 22നു (വെള്ളി) ഡാളസില്‍ നടക്കും.

ഡളാസ് നഗരത്തിലെ മ്യൂസിയം ഓഫ് ആര്‍ട്ട്സിലെ പ്രധാന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സെയിന്റ് ലൂസിയ പ്രധാനമന്ത്രി ഡോ. കെന്നി ഡി. ആന്റണി മുഖ്യാതിഥി ആയിരിക്കും. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അര്‍ലിംഗ്ടന്‍ പ്രസിഡന്റ് വിസ്ഥാസ്പ് കര്‍ഭരി മുഖ്യ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നു കെജിഎം ഗ്രൂപ്പു ചെയര്‍മാന്‍കൂടിയായ കെ.ജി. മന്മഥന്‍ നായര്‍ അറിയിച്ചു.

ഡാളസ് ആസ്ഥാനമായ കെജിഎം ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തു മുന്നേറുന്ന സ്ഥാപനത്തിന്റെ കാമ്പസ് സ്ഥിതി ചെയ്യുന്നത് വെസ്റ് ഇന്‍ഡീസിലെ സെയിന്റ് ലൂസിയയിലാണ്.

ബിരുദദാന ചടങ്ങുകളോടനുബന്ധിച്ചു നടക്കുന്ന ബാങ്ക്വറ്റില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ്മാനുമായ ഡോ. റോണ്‍ പൌള്‍ മുഖ്യാതിഥി ആയിരിക്കും.

പ്രീ മെഡിസിന്‍ കഴിഞ്ഞവര്‍ക്ക് നാലു വര്‍ഷംകൊണ്ടും പന്ത്രണ്ടാം ക്ളാസ് കഴിഞ്ഞവര്‍ക്ക് അഞ്ചര വര്‍ഷംകൊണ്ടും ങഉ ഡിഗ്രി ലഭിക്കുന്ന തരത്തിലുള്ള സിലബസും അമേരിക്കന്‍ മാതൃകയിലുള്ള മെഡിക്കല്‍ വിദ്യാഭ്യാസ രീതിയും യൂണിവേഴ്സിറ്റിയുടെ പ്രത്യേകതയാണെന്നു സ്ഥാപനത്തിന്റെ പിആര്‍ഒ സിബി ഗോപാല കൃഷ്ണന്‍ അറിയിച്ചു. അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളില്‍നിന്നാണു വിദ്യാര്‍ഥികളില്‍ അധികവും.

അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് സെന്റ് വിന്‍സന്റ്, സൌത്ത് വെസ്റ് കിംഗ്സ്റന്‍ യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളും കെജിഎം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍