ഫിബ്സ്ബറോയില്‍ ക്രിസ്തുരാജന്റെയും കന്യാമറിയത്തിന്റെയും തിരുനാള്‍ മേയ് 24ന്
Tuesday, May 19, 2015 8:02 AM IST
ഡബ്ളിന്‍: സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റി ഫിബ്സ് ബറോയുടെ നേതൃത്വത്തില്‍ ക്രിസ്തുരാജന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും സംയുക്ത തിരുനാളും കുടുംബ കൂട്ടായ്മകളുടെ വാര്‍ഷികവും ആഘോഷിക്കുന്നു.

മേയ് 24ന് (ഞായര്‍) ഗ്രിഫിത്ത് അവന്യു മരിനോയിലുള്ള സെന്റ് വിന്‍സെന്റ് ഡി പോള്‍ പള്ളിയിലാണ് ആഘോഷം.

ഉച്ചകഴിഞ്ഞ് രണ്ടിനു ജപമാലയോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. 2.30നു ആഘോഷമായ തിരുനാള്‍ കുര്‍ബാനയും പ്രദക്ഷിണവും നടക്കും. തിരുനാള്‍ കുര്‍ബാനയ്ക്കു ഫാ. ജോസഫ് വെള്ളനാലില്‍ കാര്‍മികത്വം വഹിക്കും. വൈകുന്നേരം അഞ്ചിനു സെന്റ് വിന്‍സെന്റ് ഡി പോള്‍ ഗേള്‍സ് സ്കൂളില്‍ നടക്കുന്ന പൊതുസമ്മേളനം സീറോ മലബാര്‍ സഭ അയര്‍ലന്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടക്കും.

തിരുനാള്‍ കുര്‍ബാനയിലും തുടര്‍ന്നുള്ള ആഘോഷ പരിപാടികളിലും പങ്കെടുക്കാന്‍ ഏവരെയും വികാരി ഫാ. ജോസ് ഭരണികുളങ്ങര സ്വാഗതം ചെയ്തു.