'എഴുത്തുകാരന്റെ ഊര്‍ജം വായനക്കാര്‍'
Tuesday, May 19, 2015 8:02 AM IST
ജിദ്ദ: ഗ്രന്ഥകാരനും ആസ്വാദകരും ഒത്തുകൂടുന്ന അപൂര്‍വ മുഹൂര്‍ത്തം ഒരുക്കിയ ഗ്രന്ഥപ്പുര ജിദ്ദയുടെ 'ദൃഷ്ടാന്തങ്ങളുടെ കഥാകാരനുമൊത്ത് ചെങ്കടല്‍തീരത്ത്' എന്ന പരിപാടി നവ്യാനുഭവമായി.

ഏതു കാലത്തുള്ള ഏതൊരു എഴുത്തുകാരന്റെയും ഊര്‍ജം നല്ല വായനക്കാരാണെന്നും ആസ്വാദകരും വായനക്കാരുമാണ് എഴുത്തുകാരന്റെ രചനയുടെ പ്രചോദനമായി വര്‍ത്തിക്കുന്നതെന്നും അബു ഇരിങ്ങാട്ടിരി പറഞ്ഞു.

ഗ്രന്ഥപ്പുര ജിദ്ദയുടെ പരിപാടിയില്‍ ആസ്വാദകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നരപതിറ്റാണ്ട് നീണ്ട ശ്രമകരമായ കര്‍മത്തിന്റെ അനതരഫലമാണ് ദൃഷ്ടാന്തങ്ങള്‍ എന്നും പുതുതലമുറയിലെ ചെറുപ്പക്കാര്‍ ഇതിന്റെ ആസ്വാദനം ഗൌരവമായി ചര്‍ച്ചചെയ്യുകയും ചെയ്യുന്നു എന്നതു വലിയ ഒരംഗീകാരമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബഷീര്‍ തൊട്ടിയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ പുസ്തകത്തെ കുറിച്ച് സമഗ്രമായ അവതരണവും അഭിപ്രായങ്ങളുടെ ക്രോഡീകരണവും കൊമ്പന്‍ മൂസ നടത്തി.

അബ്ദുള്ള മുക്കണ്ണി, ലത്തീഫ് നെല്ലിച്ചോട്, ബഷീര്‍ കഞ്ഞീരപ്പുഴ, ഷാജു അത്താണിക്കല്‍ സിറാജുദ്ദീന്‍ ആലപ്പുഴ, മുര്‍ത്തള, ശരഫു പാണായി, ശിഹാബ് വലിയകത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അരുവി മോങ്ങം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍