ഒഐസിസി യാത്രയപ്പു നല്‍കി
Tuesday, May 19, 2015 8:01 AM IST
ജിദ്ദ: ഒഐസിസി ജിദ്ദ പാലക്കാട് ജില്ലാ കമ്മിറ്റി വെല്‍ഫെയര്‍ ചെയര്‍മാന്‍ ഫിറോസ് ബാബു കുഞ്ഞുപ്പ എടത്തനാട്ടുകരയ്ക്ക് ജില്ലാ കമ്മിറ്റി യാത്രയയപ്പു നല്‍കി.

അല്‍ വുറൂദ് സ്കൂളില്‍ ജോലി ചെയ്തുവന്നിരുന്ന ഫിറോസ് ബാബുവിന്റെ ജോലിയോടുള്ള ആത്മാര്‍ഥത കണക്കിലെടുത്ത് ദമാമിലെ ഇതേ ബ്രാഞ്ച് സ്കൂളിലേക്ക് കൂടുതല്‍ അനുകൂല്യത്തോടുകൂടി മാറ്റം കിട്ടുകയായിരുന്നു.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പി.എം.നജീബ് ദമാം റീജണ്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലയുടേയും സഹ പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ മെമെന്റോ കൈമാറി. പ്രസിഡന്റായി തെരഞ്ഞെടുത്തതിനു ശേഷം ആദ്യമായി ഇങ്ങിനെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്െടന്ന് പി.എം. നജീബ് അഭിപ്രായപ്പെട്ടു.

നാഷണല്‍ കമ്മിറ്റി തെരഞ്ഞെടുപ്പു സംബന്ധിച്ചു ജിദ്ദയില്‍ എത്തിയ ദമാം ഒഐസിസി ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ഒരു ചടങ്ങ് സംഘടിപ്പിച്ചതിനു ദമാം പ്രസിഡന്റ് പാലക്കാട് ജില്ലാ കമ്മിറ്റിയെ അനുമോദിച്ചു.

ജില്ലാ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് കെ.എ.കരീം അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുതിയതായി ഗ്ളോബല്‍ കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട മുജീബ് മൂത്തേടത്, ജിദേശ് എറകുന്നത്ത്, മുജീബ് തൃത്താല, ഹാരിസ് ബാബു എന്നിവര്‍ക്കു പുറമേ ജിദ്ദ റീജണല്‍ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍