'മലപ്പുറം ജില്ലാ പിറവിയും പ്രയാണവും' പുസ്തക പ്രകാശനം മേയ് 22ന്
Tuesday, May 19, 2015 8:00 AM IST
ജിദ്ദ: മലപ്പുറം നിയോജക മണ്ഡലം കെഎംസിസിയും ഗ്രേയ്സ് എഡ്യൂക്കേഷണല്‍ അസോസിയേഷനും സംയുക്തമായി പ്രസിദ്ധീകരിച്ച 'മലപ്പുറം ജില്ലാ പിറവിയും പ്രയാണവും' എന്ന 385 പേജുള്ള പുസ്തകത്തിന്റെ സൌദിതല പ്രകാശനം മേയ് 22നു (വെള്ളി) വൈകുന്നേരം ഏഴിനു ശറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയിദ് മുനവറി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.

പ്രമുഖ എഴുത്തുകാരനും ചരിത്ര പണ്ഡിതനുമായ ടി.പി.എം. ബഷീറാണ് ഗ്രന്ഥകര്‍ത്താവ്്. 1969 ജൂണ്‍ 16നാണ് കേരളത്തിന്റെ 10-ാമത് ജില്ലയായി മലപ്പുറം ജില്ല രൂപീകരിച്ചത്. അതിനു മുമ്പും ശേഷവും വന്ന ജില്ലകള്‍ക്കൊന്നും മലപ്പുറം ജില്ലാ രൂപീകരണ ഘട്ടത്തില്‍ നേരിടേണ്ടിവന്ന പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ല. എന്നാല്‍, മലപ്പുറം ജില്ലക്കെതിരെ ദേശീയ തലത്തില്‍ പോലും പ്രചണ്ഡമായ പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായി.

മലപ്പുറം ജില്ലാവിരുദ്ധ പ്രക്ഷോഭം നയിക്കാന്‍ മുന്‍ പ്രധാനമന്ത്രി വാജ്പേയി പോലും കേരളത്തില്‍ വന്നു തമ്പടിച്ചു. കുട്ടിപ്പാക്കിസ്ഥാനെന്നും മാപ്പിളസ്ഥാനെന്നും പ്രചാരണങ്ങളുണ്ടായി. എന്നാല്‍ ജില്ല, രൂപീകരിച്ച് നാലര പതിറ്റാണ്ടു പിന്നിട്ടപ്പോള്‍ ഇത്തരം പ്രചാരണങ്ങളുടെയൊക്കെ മുനയൊടിഞ്ഞു. ഇന്ത്യയില്‍ ഇന്ന് ഏറ്റവും മത സൌഹാര്‍ദം നിലനില്‍ക്കുന്ന ജില്ലകളിലൊന്നാണു മലപ്പുറം. പുതു തലമുറയ്ക്കും ചരിത്രന്വേഷികള്‍ക്കും ഉപകാരപ്പെടും വിധം ജില്ലയുടെ മത സാമൂഹിക, രാഷ്ട്രീയ, ചരിത്ര, സാഹിത്യ സാംസ്കാരിക മാനങ്ങളും അധിനിവേശ പോരാട്ടത്തിന്റെ ധീരോദാത്ത കഥകളും ജില്ല രൂപീകരിക്കുമ്പോഴുണ്ടായിരുന്ന സാമൂഹികാവസ്ഥയും ജില്ലാ രൂപീകരണത്തില്‍ നേരിട്ട എതിര്‍പ്പുകളും രൂപീകരണാനന്തരം ജില്ലയിലുണ്ടായ വികസനവും പുരോഗതിയും എല്ലാം വസ്തുനിഷ്ഠമായി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ ഏറെക്കാലം കലക്ടറായി സേവനം ചെയ്ത കെ.പി. ബാലകൃഷ്ണന്‍ ഐഎഎസ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. പ്രകാശനച്ചടങ്ങില്‍ സി.കെ. ഹസന്‍ കോയ, അബൂബക്കര്‍ അരിമ്പ്ര, വി.എം. ഇബ്രാഹിം, അബു ഇരിങ്ങാട്ടിരി, ഡോ. ഇസ്മായില്‍ മരുതേരി, ഗോപി നെടുങ്ങാടി, അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, നാസര്‍ വെളിയങ്കോട്, എസ്.എല്‍.പി. മുഹമ്മദ് കുഞ്ഞ്, പി.പി. മുസ്തഫ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.

ജിദ്ദയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ജിദ്ദ മലപ്പുറം നിയോജക മണ്ഡലം കെഎംസിസി ജീവകാരുണ്യ സാമൂഹിക-സാംസ്കാരിക മേഖലകളില്‍ കഴിഞ്ഞ കാലങ്ങളില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞു. 'സമര്‍പ്പണം 2015' എന്ന പേരില്‍ കെഎംസിസി മണ്ഡലം കമ്മിറ്റി നടത്തിയ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഫലമായി മലപ്പുറത്ത് സിഎച്ച് സെന്റര്‍ സ്ഥാപിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പൊവുകയും അതോടൊപ്പം ജിദ്ദാ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രഖ്യാപിച്ച പ്രവാസി ബൈത്തുറഹ്മയിലേക്ക് വിവിധ പഞ്ചായത്തുകളിലായി മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റിയുടെ കീഴില്‍ തന്നെ പതിനഞ്ചോളം പ്രവാസി ബൈത്തുറഹ്മകളുടെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ജിദ്ദാ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്രയും മലപ്പുറം ജിദ്ദാ മലപ്പുറം മണ്ഡലം കെഎംസിസി ഭാരവാഹികളായ ഇസ്മായില്‍, കെ.സി. ശിഹാബ് ഒഴുകൂര്‍, അബ്ദുറഹ്മാന്‍ മദാരി, ഉമര്‍ ആനക്കയം തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍