ഒഐസിസി പാലക്കാട് ജീവകാരുണ്യ ഫണ്ട് വി.എം. സുധീരന്‍ കൈമാറി
Tuesday, May 19, 2015 7:58 AM IST
റിയാദ്: സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ള പാലക്കാട് ജില്ലാ ഒഐസിസി കമ്മിറ്റി നടപ്പാക്കിയ കൈത്താങ്ങ് ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക സഹായം പാലക്കാട് ഡിസിസി ഓഫീസില്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ വിതരണം ചെയ്തു.

പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വി.എം. സുധീരന്‍. പ്രവാസലോകത്തെ സാമൂഹ്യ പ്രവര്‍ത്തകരുടെയും അനുകമ്പയുള്ള പ്രവാസികളുടെയും സഹായങ്ങള്‍ കേരളത്തിലെ അര്‍ഹരായ പാവപ്പെട്ടവരിലേക്ക് എത്തിക്കുന്നതില്‍ ഒഐസിസി അടക്കമുള്ള പ്രവാസിസംഘടനകളുടെ പങ്കിനെ വി.എം. സുധീരന്‍ പ്രശംസിച്ചു.

പ്രവര്‍ത്തിക്കുന്നവര്‍ക്കേ പാര്‍ട്ടിയിലായാലും സമൂഹത്തിലായാലും അംഗീകാരമുണ്ടാവുകയുള്ളൂ എന്നും കുറുക്കുവഴികളിലൂടെ സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് അതു ശാശ്വതമായി നിലനിര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഒഐസിസിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കെപിസിസിയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് വി.എസ്. വിജയരാഘവന്‍ ആശംസകള്‍ നേര്‍ന്നു. ഒഐസിസിക്കുവേണ്ടി പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ഹസൈനാര്‍ പട്ടാമ്പിയും ജോ. ട്രഷറര്‍ രാജന്‍ ബേബി, അലി പട്ടാമ്പി എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍