ജയറാം ഷോ ഡിട്രോയ്റ്റിന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം നടത്തി
Tuesday, May 19, 2015 5:13 AM IST
ഡിട്രോയ്റ്റ്: മിഷിഗണ്‍ സംസ്ഥാനത്തിലെ ഏറ്റവും കൂടുതല്‍ മലയാളികളുള്ള ഡിട്രോയിറ്റ് മെട്രോ ഏരിയയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ആരംഭിച്ച റേഡിയോ മലയാളം യൂഎസ്എ എന്ന എഫ്എം റേഡിയോയുടെ മുന്നോട്ടുള്ള നടത്തിപ്പിനായി, 2015 സെപ്റ്റംബര്‍ നാലാം തീയതി നടത്താന്‍ ഉദ്ദേശിക്കുന്ന ജയറാം ഷോയുടെ ടിക്കറ്റ് വിതരണോദ്ഘാടനം, മിഷിഗണിലെ സാംസ്കാരിക പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്നു. പരിപാടിയുടെ സ്പോണ്‍സര്‍മാരായ വരാപാടത്തു ഇടിക്കുള ചാണ്ടി, അനില്‍ കാകസനി, കോശി ജോര്‍ജ് എന്നിവര്‍ക്ക് ടിക്കറ്റുകള്‍ നല്കിയാണു ടിക്കറ്റ് കിക്കോഫ് നടത്തിയത്.

മലയാളഭാഷയെയും സംസ്കാരത്തെയും വരും തലമുറയ്ക്കു പകര്‍ന്നു നല്‍കാന്‍ ഉദ്ദേശിച്ചു പ്രവര്‍ത്തമാരംഭിച്ച റേഡിയോ മലയാളം യൂഎസ്എയെ അപ്ഗ്രേഡ് ചെയ്യാനും, നാട്ടില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായും ഈ ഷോയുടെ വരുമാനം ഉപയോഗിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

ജയറാം ഷോയില്‍ പ്രിയാമണി, പിഷാരടി, ധര്‍മജന്‍, ആര്യ, ഉണ്ണി മേനോന്‍, പാഷാണം ഷാജി, ഹരിശ്രീ യൂസഫ്, ഡെല്‍സി എന്നിവരാണു പങ്കെടുക്കുന്നത്. ഈ ഷോയില്‍ പങ്കെടുത്തു റേഡിയോ മലയാളം യൂഎസ്എ എന്ന എഫ് എം റേഡിയോയെ പിന്തുണയ്ക്കണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്