ജീവകാരുണ്യ പ്രവര്‍ത്തകയ്ക്കു വിദേശത്ത് നറുക്കെടുപ്പിലൂടെ ഒരു കിലോ സ്വര്‍ണം സമ്മാനം
Monday, May 18, 2015 8:22 AM IST
ദുബായി: സ്വദേശത്തും വിദേശത്തും ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന റസിയ മലബാര്‍ ഗോള്‍ഡിന്റെ ദി ഗ്രേറ്റ് ഗോള്‍ഡ് റഷ് കാമ്പയിനിലെ വിജയിയായി. പത്തു വര്‍ഷത്തിലധികമായി ഭര്‍ത്താവ് ഷാജഹാനുമൊത്ത് യുഎഇലെ അലൈനില്‍ ഷാഫിയ ഖലീഫ എന്ന സ്ഥലത്ത് താമസിക്കുന്ന റസിയ അലൈനിലെ മീന ബസാറില്‍നിന്ന് ഏപ്രില്‍ 17നു ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരാള്‍ക്കു നല്‍കാനായി സ്വര്‍ണം വാങ്ങിയപ്പോള്‍ കിട്ടിയ കൂപ്പണിനാണു ഒരു കിലോ സ്വര്‍ണം സമ്മാനമായി ലഭിച്ചത്. ദുബായിയിലെ കറാമ സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഫിലിപ്പിനോ ഓസ്ട്രേലിയന്‍ നടി ആണ്‍ കര്‍ട്ടീസ് സമ്മാനമായി ലഭിച്ച ഒരു കിലോ സ്വര്‍ണം റസിയയ്ക്കു സമ്മാനിച്ചു.

നാവായിക്കുളം കപ്പാംവിള താന്നിവിളവീട്ടില്‍ പരേതനായ ഹാജി ഷാഹൂല്‍ ഹാമീദിന്റെയും ഹജ്ജ അനീസാ ബീവിയുടെയും മകളായ റസിയ കഴിഞ്ഞ 15 വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. റസിയയ്ക്ക് ഒരു കിലോ സ്വര്‍ണം സമ്മാനമായി ലഭിച്ച വിവരമറിഞ്ഞ് നാട്ടില്‍നിന്നും സഹപ്രവര്‍ത്തകരും ബന്ധുക്കളും മറ്റും ഫോണില്‍ക്കൂടി റസിയയുമായി ആഹ്ളാദം പങ്കുവച്ചു. സമ്മാനമായി കിട്ടിയ സ്വര്‍ണം വിറ്റുകിട്ടുന്ന തുകയില്‍ നല്ലൊരുഭാഗം നാട്ടിലെ നിര്‍ധനരായ കുട്ടികളുടെ പഠനത്തിനും ചികിത്സയ്ക്ക് വകയില്ലാതെ ദുരിതമനുഭവിക്കുന്നവരുടെ ചികിത്സച്ചെലവിനും ഉപയോഗിക്കുമെന്നു റസിയ അറിയിച്ചു.

അലൈനില്‍ ബിസിനസ് നടത്തുന്ന ഭര്‍ത്താവ് ഷാജഹാന്റെ പൂര്‍ണ പിന്തുണയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു കരുത്തായി റസിയക്കുണ്ട്.