ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉത്സവത്തിനു കൊടിയേറി
Monday, May 18, 2015 6:34 AM IST
ഡാളസ്: ഡാളസിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങുകളുടെ തുടക്കം കുറിക്കുന്ന പൂജകള്‍ ആരംഭിച്ചു. മേയ് 15 മുതല്‍ 28 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കും തന്ത്രിവിധി പ്രകാരമുളള പൂജകള്‍ക്കുമായി നാട്ടില്‍നിന്നു വലിയ ഒരു സംഘം ഡാളസില്‍ എത്തിയിട്ടുണ്ട്.

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയാണു മുഖ്യ തന്ത്രിയായി പൂജകള്‍ക്കു നേതൃത്വം നല്‍കുന്നത്. നാട്ടില്‍നിന്നു കൃഷ്ണശിലയില്‍ കൊത്തിയെടുത്ത വിഗ്രഹം, സോപാനപ്പടി, ഓവ് എന്നിവ തച്ചു ശാസ്ത്രപ്രകാരം സ്ഥാപിക്കാന്‍ പ്രശസ്ത വാസ്തുവിദ്വാന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിയും എത്തിച്ചേര്‍ന്നിട്ടുണ്ട്. മണ്ണാറശാല സുബ്രഹ്മണ്യന്‍ നമ്പൂതിരി, ഭാഗവത ആചാര്യന്‍ പെരുമ്പള്ളി കേശവന്‍ നമ്പൂരിതി, പല്ലാവൂര്‍ ശ്രീധരന്റെ നേതൃത്വത്തിലുളള പഞ്ചവാദ്യ സംഘം എന്നിവരുടെ സാന്നിധ്യവും പ്രതിഷ്ഠാ ചടങ്ങുകളില്‍ ഉടനീളമുണ്ടാകുമെന്നു കെഎച്ച്എസ് പ്രസിഡന്റ് ഗോപാല പിളള അറിയിച്ചു.

പൌരാണിക ശില്പചാരുതയാല്‍ ശ്രദ്ധേയമായ ശ്രീകോവില്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റുന്നു. ഭാരതത്തില്‍പോലും അപൂര്‍വമായി ദര്‍ശിക്കാന്‍ സാധിക്കുന്ന പ്രതിഷ്ഠാ ചടങ്ങുകള്‍ ഡാളസില്‍ നടക്കുമ്പോള്‍ അതില്‍ പങ്കാളികളായി ഗുരുവായൂരപ്പന്റെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ എല്ലാ ഭക്തജനങ്ങളും എത്തിച്ചേരണമെന്നു കെഎച്ച്എസ് ട്രസ്റി ചെയര്‍മാന്‍ ഹരിപിളള അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍