കെഎച്ച്എന്‍എ പ്രസിഡന്റ് ടി.എന്‍. നായര്‍ക്കു സ്വീകരണം നല്‍കി
Monday, May 18, 2015 5:34 AM IST
ന്യൂയോര്‍ക്ക്: നായര്‍ ബെനവലന്റ് അസോസിയേഷന്‍ സെന്ററില്‍വച്ച് മേയ് 15-നു വെള്ളിയാഴ്ച വൈകിട്ട്, പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ടി.എന്‍. നായര്‍ക്കും, സെക്രട്ടറി ഗണേഷ് നായര്‍ക്കും സ്വീകരണം നല്‍കി. 2015 ജൂലൈ രണ്ടു മുതല്‍ ആറുവരെ ഡാളസില്‍ നടക്കുന്ന എട്ടാമത് ഹിന്ദു കണ്‍വന്‍ഷനിലേക്കു കൂടുതല്‍ പേരെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇരുവരും എന്‍ബിഎ സെന്ററില്‍ എത്തിയത്.

എന്‍ബിഎ വൈസ് പ്രസിഡന്റ് ഡോ. സ്മിതാ പിള്ള ഭദ്രദീപം തെളിയിച്ചു. പ്രാര്‍ത്ഥനയ്ക്കു ശേഷം ജനറല്‍ സെക്രട്ടറി രാംദാസ് കൊച്ചുപറമ്പില്‍ സ്വാഗതം ആശംസിക്കുകയും യോഗത്തിന്റെ ഉദ്ദേശ്യം വിശദീകരിക്കുകയുമുണ്ടായി. പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ എല്ലാവിധ പിന്തുണയും ഉറപ്പു നല്‍കുകയും എല്ലാ വര്‍ഷങ്ങളിലെയും പോലെതന്നെ ഇത്തവണത്തെ കണ്‍വന്‍ഷനിലും ന്യൂയോര്‍ക്കില്‍ നിന്നുള്ള വളരെയധികം കുടുംബങ്ങള്‍ പങ്കെടുക്കുമെന്നും പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് ടി.എന്‍. നായര്‍ കണ്‍വന്‍ഷന്റെ പ്രത്യേകതകളെക്കുറിച്ച് വിശദീകരിക്കുകയും ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുതകുന്ന അനുഭവങ്ങളായിരിക്കും അവിടെ നിന്നു ലഭിക്കുക എന്നും അദ്ദേഹം അറിയിക്കുകയുമുണ്ടായി.

സെക്രട്ടറി ഗണേഷ് നായര്‍, രജിസ്റര്‍ ചെയ്യുന്നവര്‍ക്കു ലഭിക്കുന്ന പ്രയോജനങ്ങള്‍ എന്താണെന്നു വിശദീകരിക്കുകയും എല്ലാവരുടെയും സഹായസഹകരണം അഭ്യര്‍ഥിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ എക്സ് ഒഫീഷ്യോ രഘുവരന്‍ നായര്‍, വനജ നായര്‍, രാജേശ്വരി രാജഗോപാല്‍, രത്നമ്മ രാജന്‍, കലാ സതീഷ്, മലയാളി ഹിന്ദു മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ തമ്പി, ഹിന്ദു കേരള സൊസൈറ്റി പ്രസിഡന്റ് ഡോ. മധു പിള്ള, വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീകുമാര്‍ബാബു ഉണ്ണിത്താന്‍, ഡോ. ഡോണാ പിള്ള, ഡോ. എ.കെ.ബി. പിള്ള, കരുണാകരന്‍ പിള്ള, ഉണ്ണികൃഷ്ണ മേനോന്‍ എന്നിവര്‍ പങ്കെടുത്തു. അവിടെ വച്ചുതന്നെ കുറെയേറെ രജിസ്ട്രേഷനുകള്‍ ലഭിക്കുകയുണ്ടായി. ജനറല്‍ സെക്രട്ടറി രാംദാസ് കൊച്ചുപറമ്പിലിന്റെ നന്ദി പ്രസംഗത്തിനുശേഷം ഭക്ഷണത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍